കൊച്ചി: മലയാള പുരസ്‌കാര സമിതിയുടെ മാധ്യമ രംഗത്തെ മികവിനുള്ള മലയാളം പുരസ്‌കാരം- 1202 ജന്മഭൂമി സീനിയര്‍ സബ് എഡിറ്റര്‍ വിനീത വേണാട്ടിന്.
സമഗ്ര സംഭാവനയ്‌ക്കുള്ള മലയാള പുരസ്‌കാരം പുരസ്‌കാരങ്ങള്‍ക്ക് കലാമണ്ഡലം ഗോപി ആശാന്‍ (കഥകളി), വൈശാഖന്‍ (സാഹിത്യം), ജഗതി ശ്രീകുമാര്‍ (ചലച്ചിത്രം), കെ.ആര്‍. വിജയ (ചലച്ചിത്രം), തങ്കമണി ഭരത്കുമാര്‍ (തിരുവാതിരകളി), സതീഷ് സംഘമിത്ര (നാടകം) എന്നിവരും അര്‍ഹരായി. ചിദംബരം- മികച്ച സംവിധായകന്‍ (ബാലന്‍ ദ് ബോയ്), ഇന്ദ്രന്‍സ്-മികച്ച നടന്‍ (ചിന്ന ചിന്ന ആസൈ), ഫര്‍സാന പാലത്തിങ്കല്‍ മികച്ച നടി (ബാലന്‍ ദ് ബോയ്) വിഭാഗത്തിലും പുരസ്‌കാരം നേടി. വിവിധ മേഖലകളിലായി അറുപതിലധികം പേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. എറണാകുളം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളും, റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് വിനീത വേണാട്ടിന് പുരസ്‌കാരം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് എസ്. കൃഷ്ണകുമാര്‍, മകന്‍ വിശാല്‍കൃഷ്ണ. സപ്തംബര്‍ അവസാനത്തോടെ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് മലയാള പുരസ്‌കാര സമിതി അധ്യക്ഷന്‍ ജി.കെ. പിള്ള തെക്കേടത്തും സ്ഥാപക ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൊട്ടാരപ്പാട്ടും അറിയിച്ചു.











