കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതീകാത്മക ശവസംസ്‌കാരം നടത്തി വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ ക്രൈസ്തവ ആചാര പ്രകാരം വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി സിസയെ ശാരീരികമായി ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇത് സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക് നല്കിയ പരാതിയിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.
എസ്എഫ്‌ഐയുടെ ആഭാസ സമരത്തിനും അക്രമത്തിനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഇടത് അദ്ധ്യാപക യൂണിയനിലെ (എഎസ്എസ്‌യുടി) അദ്ധ്യാപകര്‍ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകരായ ഡോ. കവിത സോമന്‍ (ന്യായ വകുപ്പ്), ശര്‍മിള (ഫിലോസഫി), നിതീഷ് കണ്ണന്‍ (സംസ്‌കൃതം ജനറല്‍), പദ്മദാസ് (സംസ്‌കൃതം സാഹിത്യം), ബിജു വിന്‍സെന്റ് (സോഷ്യോളജി), ഡോ. കെ.എം. സംഗമേശന്‍ (സംസ്‌കൃത സാഹിത്യം) എന്നിവരും ഇടത് അനദ്ധ്യാപക സംഘടന സാന്‍സ്‌ക്രിറ്റ് എംപ്ലോയീസ് യൂണിയനിലെ മുഹമ്മദ് ഹാരീസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍), സുകേഷ് ദിവാകര്‍ (ജോയിന്റ് രജിസ്ട്രാര്‍), അരുണ്‍ രാജ് (അസിസ്റ്റന്റ്), പി.ഡി. റേച്ചല്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍), സനില്‍ ഒതയോത്ത് (സെക്ഷന്‍ ഓഫീസര്‍) എന്നിവരുമാണ് സമരക്കാരെ അഭിസംബോധന ചെയ്യുകയും എല്ലാ പ്രോത്സാഹനവും നല്കി എസ്എഫ്‌ഐക്കാര്‍ക്ക് ഒപ്പം നില്ക്കുകയും ചെയ്തിരുന്നതായി സിസയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നിരുന്ന ഈ അദ്ധ്യാപകരും ജീവനക്കാരും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സിസിടിവി ദൃശ്യങ്ങള്‍, വീഡിയോ, മറ്റ് സ്വതന്ത്ര തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിസിയുടെ പരാതി. അക്രമത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരുകളും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. സമരത്തില്‍ പുറത്തുനിന്നുള്ള നിരവധി സിപിഎമ്മുകാര്‍ പങ്കെടുത്തു. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചിരുന്ന സിറ്റിങ് വൈസ് ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരവും ദഹനവും സര്‍വകലാശാലാ പരിസരത്തിനുള്ളില്‍ നടത്തിയത് വെറും വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനെക്കാള്‍ വളരെ അപ്പുറത്തുള്ളതാണ്. വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ടുള്ള അത്യന്തം അപമാനകരവും ഭീഷണിപ്പെടുത്തുന്ന കാര്യവുമായിരുന്നു അത്. സുരക്ഷയ്‌ക്കായി പോലീസ് മതിയായ നടപടികളോ മുന്‍കരുതലുകളോയെടുത്തിരുന്നോയെന്ന് പരിശോധിക്കണമെന്നും വിസി പരാതിയില്‍ ആവശ്യപ്പെടുന്നു.












