കോഴിക്കോട്: ലയണല്‍ മെസിയുടെ പേരിലുള്ള കേരള സന്ദർശന തട്ടിപ്പിന്റെ ഭാഗമായി സ്പോണ്‍സര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കോഴിക്കോടെത്തി. തുടര്‍ന്ന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി കമ്മിഷണര്‍ ചാര്‍ജ് മെമ്മോ നല്‍കി.
നികുതിവെട്ടിപ്പ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിന്റെ തുടക്കത്തില്‍ തന്നെ വന്‍തോതിലുള്ള ജി.എസ്.ടി വെട്ടിപ്പ് കൃത്യമായി കണ്ടെത്തി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നതിന് പകരം അന്വേഷണ ചുമതലയില്‍ നിന്ന് ഈ ഉദ്യോഗസ്ഥയെ അടിയന്തരമായി മാറ്റുകയാണ് ചെയ്തത്. പകരം സി.പി.എം അനുകൂലിയായ ഉദ്യോഗസ്ഥന് ചുമതല നല്‍കി അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നുവെന്നാണ് പ്രധാന ആരോപണം.
നികുതി വെട്ടിപ്പില്‍ അന്വേഷണം ഒതുക്കാന്‍ ഇടപെട്ടെന്ന് സംശയിക്കുന്ന സിപിഎം നേതാവിന്റെ ഭാര്യയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും മൊഴിയും രേഖപ്പെടുത്തുമെന്നാണ് വിവരം. തട്ടിപ്പ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചെന്ന സംശയം. പ്രാഥമിക പരിശോധനയില്‍ ജി.എസ്.ടി വെട്ടിപ്പ് സ്ഥിരീകരിച്ചെന്നാണ് വിവരം. രണ്ട് തവണയായി സ്പോണ്‍സര്‍ പണം കൈമാറിയതിന്റെ വിവരങ്ങള്‍ എസ്ബിഐയില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും എസ്ഐടി ശേഖരിച്ചിട്ടുണ്ട്. 126 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്നതും എസ്ഐടി പരിശോധിക്കുന്നുണ്ട്.
ബ്രോഡ്കാസ്റ്റ് അവകാശം വിറ്റാണ് പണം സമാഹരിച്ചതെങ്കില്‍ അതിനും സേവന നികുതി അടക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ നികുതിവെട്ടിപ്പിനുള്ള സാധ്യതയും എസ്ഐടി കാണുന്നുണ്ട്.















