പാറശ്ശാല: രാജ്യസ്‌നേഹവും സേവനവും സമര്‍പ്പണവും ഉയര്‍ത്തിപ്പിടിക്കുന്ന യുവതലമുറയുടെ സംഗമം സങ്കല്‍പ്പ് 2026 കുന്നത്തുകാല്‍ ബാലഗംഗാധര തിലക് നഗറില്‍ നടന്നു. സംഘ ശതാബ്ദിയോടനുബന്ധിച്ച് എണ്‍പതാം സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തിലാണ് സങ്കല്‍പ്പ് മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്നത്.
ആയിരക്കണക്കിന് യുവാക്കള്‍ എത്തിയ സങ്കല്‍പ്പ് 2026 ഭാരതാംബാ ചിത്രത്തിന് മുന്നില്‍ ഭദ്രദീപം തെളിയിച്ച് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സിഎസ്ആര്‍ ഹെഡ് രശ്മി ആയിഷയുടെ അധ്യക്ഷതയില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ യുവാക്കള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി ഗ്രാമ ജില്ലാ സംഘചാലക് കെ. അരവിന്ദാക്ഷന്‍ ആശംസാ പ്രഭാഷണം നടത്തി.
വിവിധ കലാമത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. മോഹനന്‍ കുന്നുമ്മല്‍ പുരസ്‌കാരം വിതരണം ചെയ്തു. യുവസംഗമത്തോടനുബന്ധിച്ച് ഷാജു ചാലക്കുടി അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീത വിരുന്നും, ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വന്ദേമാതരവും, വിവിധ കലാസമിതികളുടെ നൃത്തനൃത്യങ്ങളും അരങ്ങുണര്‍ത്തി. രക്ഷാബന്ധന്‍ ചടങ്ങും നടന്നു. ഗ്രാമ ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ബിനീഷ് ചന്ദ്രന്‍ സ്വാഗതവും ബാല വിദ്യാര്‍ത്ഥി പ്രമുഖ് രാജേഷ് നന്ദിയും പറഞ്ഞു.
















