ചിങ്ങം. തുമ്പയും തുളസിയും മുക്കുറ്റിയും പൂക്കുന്ന ധന്യതയുടെ മാസം! ചിങ്ങം ഒന്ന് കര്‍ഷകദിനമാണ്. മലയാളിയെ ഓണമൂട്ടാന്‍ കര്‍ഷകര്‍ ചെളിയിലും ചേറിലും പൊന്നു വിളയിച്ച് ജൈവജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്ന ദിവസമാണ് ഇന്ന്. പൂപ്പാടം നിറയെ അഴകും പത്തായം നിറയെ അരിയുമായി മലയാളിയെ സമൃദ്ധിയിലേക്ക് നയിക്കുന്ന ദിവസമാണിന്ന.് ഗൃഹാതുരതയുടെ ഓര്‍മ്മകളുണര്‍ത്തുന്ന മലയാള പുതുവര്‍ഷത്തിന്റെ തുടക്കം.
കര്‍ക്കടകപഞ്ഞത്തെ പ്രതീക്ഷയുടെ ചിങ്ങസ്വപ്‌നങ്ങള്‍കൊണ്ട് പൊതിയുന്നവനാണ് മലയാളി. ഞാറ്റുപാട്ട്, കൊയ്‌ത്തുപാട്ട്, വള്ളംകളിപ്പാട്ട് എന്നിവയൊക്കെയായി മലയാളിയുടെ ഉത്സവകാലം തുടങ്ങുകയാണ് ഇന്ന്
ഓണത്തിന്റെ വരവ് വസന്തത്തിന്റെ വരവുതന്നെയാണ്. പൊന്നിന്‍ ചിങ്ങത്തിന് ഒരുപാട്പ്രത്യേകതകളുണ്ട്. ‘കാണം വിറ്റും ഓണം ഉണ്ണുന്ന’വനാണ് മലയാളി. കാണം വില്‍ക്കണമെങ്കില്‍ കാണമുണ്ടാകണം കാണം ഉണ്ടാകണമെങ്കില്‍ കൃഷി ചെയ്യണം.
പൂത്താലമേന്തും ശ്രാവണം
പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൂക്കൂടയുമായി എത്തുന്ന മാസമാണ് ശ്രാവണം. പ്രകൃതി അതിന്റെ എല്ലാവിധ മനോഹാരിതകളോടുംകൂടി മലയാളത്തെ അനുഗ്രഹിക്കുന്നു ശ്രാവണത്തില്‍. മരനിരകള്‍ പൂചൊരിഞ്ഞ് പൂച്ചെടികള്‍ പൂത്താലങ്ങളേന്തുമ്പോള്‍ കര്‍ക്കടകത്തിന്റെ കറുത്ത മേഘങ്ങള്‍ വഴിമാറി പൊന്‍വെയിലിന്റെ തേര് ആഗതമാകുന്നു എത്രയെത്ര ഓര്‍മ്മകളിലേക്കാണ് ചിങ്ങം നമ്മെ കൊണ്ടുപോകുന്നത്!
വാക്കില്‍ വായ്‌ക്കുന്ന ഓണം
‘ഓണം തൊടുന്ന ഒരുപിടി വാക്കുകള്‍തന്നെയുണ്ട് മലയാളിക്ക്. ഓണനാള്, ഓണവില്ല്, ഓണത്തുമ്പ, ഓണത്തുമ്പി, ഓണപ്പൂവ്, ഓണപ്പട്ട്, ഓണപ്പാട്ട്, ഓണക്കളി, ഓണവില്ല്, ഓണക്കോടി, ഓണനിലാവ്, ഓണത്തപ്പന്‍, ഓണാട്ടുകര (മഹാബലിക്കരയോടുചേര്‍ന്നുള്ള വിവിധ ദേശങ്ങള്‍ ചേര്‍ന്നത്) എന്നിങ്ങനെ…
ഒരുദിവസത്തില്‍ ഒതുങ്ങാത്ത ഉത്സവകാലമാണ് ഓണം. കാറ്റുംകോളുംകൊണ്ട് കലുഷിതമായ കര്‍ക്കടകത്തെ നാം വരവേല്‍ക്കുന്നത്, സുവര്‍ണ്ണ രേണുക്കളാല്‍ മുദ്രിതമായ ചിങ്ങവെയിലിനാലാണ്. ഓണത്തിന് അതിന്റേതായ പ്രകൃതി വീക്ഷണമുണ്ട്. അത് കര്‍ഷകന്റെ വിളവെടുപ്പുത്സവം കൂടിയാണ്. കര്‍ക്കടകത്തെ ഭയത്തോടെ കണ്ടവര്‍ ചിങ്ങത്തെ ആവേശത്തോടെയാണ് വരവേല്‍ക്കുക. സമൃദ്ധിയുടെ വരവാണ് ആണ്ടുപിറപ്പ്. ചിങ്ങമാസത്തിലെ സ്വച്ഛമായ അന്തരീക്ഷത്തെ ‘ചിങ്ങത്തെളിവ്’എന്നാണു പറയുക.
സമൃദ്ധിയുടെ ‘ഇല്ലം നിറ’
ചിങ്ങത്തിന്റെ വരവോടെ ഇല്ലംനിറ നടക്കുന്നു. അതൊരു കാര്‍ഷികോത്സവമാണ്. വയല്‍ക്കൊയ്‌ത്ത് തുടങ്ങുന്നതിനുമുന്‍പ് ശുഭസമയം നോക്കി വിളഞ്ഞു പാകമായ ഒരുകറ്റ ആര്‍പ്പുവിളിയോടെ ‘പൊലി പൊലിയോ പൊലി’ എന്ന വായ്‌ത്താരിയോടെ കൃഷിക്കാരന്റെ വീട്ടിലെത്തിക്കുന്ന ചടങ്ങാണിത്.
കര്‍ക്കടകവാവ് കഴിഞ്ഞാല്‍ പാടത്തുനിന്നും കതിര് ഊരിയെടുക്കുകയില്ല. കറ്റമുറിച്ച് തൂശനിലയില്‍ പൊതിഞ്ഞ് വീട്ടുപടിക്കല്‍ വെക്കുന്നു. പിന്നീട് ശുഭസമയം നോക്കി വീടിനുള്ളിലേക്ക് കൊണ്ടുവരും. ഓവുള്ള നെല്ലാണ് ഇതിനുപയോഗിക്കുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന കതിര്‍ക്കറ്റ ആലില, മാവില എന്നിവകൂട്ടി അറയിലോ മച്ചിലോ കെട്ടിത്തൂക്കും. അല്ലെങ്കില്‍ ചാണകം കൂട്ടി അറയിലെ ചുവരില്‍ പതിക്കും. ഇലകളുടെ കൂട്ടത്തില്‍ അരയാല്‍, പേരാല്‍, മാവില, ദശപുഷ്പം എന്നിവയും ഉണ്ടാകും. വീട്ടുപടിക്കല്‍ നിന്നും ഭക്തിപൂര്‍വ്വം കതിര്‍ക്കുല ശിരസ്സില്‍വച്ച് വിളക്കിന്റെ അകമ്പടിയോടെ ഗൃഹാങ്കണത്തിലേക്ക് കൊണ്ടുവരുമ്പോഴും ‘പൊലിയോ പൊലി’ വിളിയ്‌ക്കും. പുതിയ കതിര്‍ ‘ലക്ഷ്മിദേവി’ ആണെന്നാണ് സങ്കല്പം. വാതിലില്‍ നെല്‍ക്കതിര്‍ തൂക്കിയിടും. അപ്പോള്‍ ‘പൊലി പൊലി മുടപൊലി’ എന്നു പറയും. വിത്തു ശേഖരിക്കുന്ന കുട്ടയാണ് ‘മുട’. പിന്നീട് കൊയ്‌തെടുത്ത പുതിയ നെല്ലുകുത്തിയെടുത്ത അരികൊണ്ട് പായസം വയ്‌ക്കും. ക്ഷേത്രങ്ങളിലും ഇതേ ചടങ്ങുകള്‍ തന്നെ നടത്തും. ഈ ചടങ്ങിന് ‘നിറപുത്തരി’ എന്നാണ് പേര്.
വട്ടപ്പലം, നെല്ലി, ആല്, പാലുവള്ളി, കാഞ്ഞിരം, മാവ് എന്നീ ഇലകളാണ് പ്രധാനമായും നിറപുത്തരിക്ക് ഉപയോഗിക്കുന്നത്. നേന്ത്രക്കായയ്‌ക്കും ഈ കാലഘട്ടത്തില്‍ വലിയ പ്രാ
ധാന്യമുണ്ട്.
കാണംവിറ്റ് ഓണംകൊള്ളല്‍
‘കാണംവിറ്റും ഓണംകൊള്ളാന്‍’ മലയാളിയെ പ്രേരിപ്പിക്കുന്നതും ചിങ്ങമാസത്തോടുള്ള, ‘തിരു ഓണ’ത്തോടുള്ള ആ പ്രണയം തന്നെ.
മഴമാറി മാനംതെളിഞ്ഞു മലനിരകളും മരനിരകളും പൂക്കണി നീര്‍ത്തി ഓരോ മനസ്സിലും ഓര്‍മ്മകളുടെ പൂക്കളം തന്നെ വിരിഞ്ഞു നിറയുന്നു.
‘വരികെന്‍ ഉയിരിനുമുയിരേ ചിങ്ങപ്പൂങ്കതിരേ’ എന്ന്മലയാളി പ്രേമത്തോടെ വിളിക്കുന്ന ഒരാഘോഷവും ഇത്രമേല്‍ വേറെയില്ല.
മഞ്ഞള്‍ക്കുറിമുണ്ടു ചുറ്റി
ഓണത്തിന്റെ നിറംതന്നെ മഞ്ഞയാണ്. മഞ്ഞനിറമുള്ള പഴുത്ത ഉത്രാടക്കുലകള്‍, മഞ്ഞ നിറമാര്‍ന്ന പൊന്‍കതിര്, മഞ്ഞമത്തപ്പൂവ്, മഞ്ഞ നിറമുള്ള കായ് ഉപ്പേരി ഇങ്ങനെ ഐശ്വര്യത്തിന്റെ നിറമായ മഞ്ഞയില്‍ പൊതിഞ്ഞ് ഓണമെത്തുന്നു. എല്ലാ വിഷാദ ചിന്തകളെയും മാറ്റിവെച്ച് അത്തം തൊട്ട് പത്ത് ദിവസം മലയാളി ഓണം ആഘോഷിക്കുന്നു. ഇങ്ങനെ എന്തുകൊണ്ടും മലയാളി മനസ്സില്‍ സമൃദ്ധിയും പ്രതീക്ഷയും ഐശ്വര്യവും നിറയ്‌ക്കുന്ന ചിങ്ങത്തെ എങ്ങനെയാണ് നമ്മള്‍ വരവേല്‍ക്കാതിരിക്കുക. ഒരു വര്‍ഷത്തിന്റെ സമാപ്തിയും പുതുവര്‍ഷത്തിന്റെ സമാഗമനവും ചിങ്ങത്തിന്റെ ഈണത്തില്‍ കേള്‍ക്കാം, അതിന്റെ ദൃശ്യചാരുതയില്‍ കാണാം.
തുമ്പ പൂത്താല്‍ തിരുവോണം
തോരാത്ത മഴയും ആടിക്കറുപ്പും പോയി, മാനം തെളിയുന്നതാണ് മലയാളിക്ക് ചിങ്ങമാസം! തുമ്പ പൂത്താല്‍ ഓണവും കൊന്ന പൂത്താല്‍ വിഷവുമാണ് മലയാളിയുടെ മനസ്സില്‍ നിറയുക.
തെളിവെയിലില്‍ തൊഴുത്തിനു പുറത്ത് മത്തപ്പൂ വിരിയുമ്പോള്‍ കുടുംബിനികളുടെ ഓണസ്വപ്‌നങ്ങളും പൂവിടുന്നു. അധ്വാനിക്കുക, ആഹ്ലാദിക്കുക എന്നിങ്ങനെയാണ് കര്‍ഷക ജനതജനതയുടെ രീതികള്‍. അതിനുദാഹരണമാണ് ‘ചിങ്ങക്കൊയ്‌ത്ത്.’
‘കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍, മരുതു പൂക്കുമ്പോള്‍ പട്ടിണി’ എന്നൊരു ചൊല്ലുണ്ട്. മേടമാസത്തില്‍ത്തന്നെ കൃഷി തുടങ്ങണം എന്നാണ് ഇതിന്റെ അര്‍ത്ഥം. എല്ലാ ചെടികളും പൂക്കുന്ന മഞ്ഞയുടെ ആഘോഷമായ വര്‍ണ്ണപ്പൊലിമയുടെ മാസമായ ചിങ്ങമാസത്തെ ഇഷ്ടപ്പെടാത്ത ഒരു മലയാളിയും ഇല്ല.
തുമ്പക്കുടങ്ങള്‍ കളമെഴുതുന്ന- തെളിഞ്ഞ മാനവും പൊന്‍വെയിലും ഉള്ള ചിങ്ങത്തെ മലയാളി എത്ര ഹൃദ്യമായാണ് വരവേല്‍ക്കുന്നത്!














