Kerala

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലയാളക്കരയിലേക്ക് ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തിച്ചേർന്നിരിക്കുകയാണ്. കര്‍ക്കടകത്തിന്റെ അവസാനത്തിലാണ് ഇത്തവണ ഓണത്തിന്റെ വരവ്. കൊല്ലവര്‍ഷം 1201 ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 16ന് തിങ്കളാഴ്ചയാണ് ചിങ്ങമാസം പിറക്കുന്നത്. ആഘോഷത്തിന്റെയും തിരക്കിന്റെയും ദിവസങ്ങളിലേക്ക് അത്തം ദിനത്തോടെ മലയാളികള്‍ പ്രവേശിക്കും. ഓഗസ്റ്റ് 26നാണ് തിരുവോണം.

ഓണ പൂക്കളത്തിന് തുടക്കമാവുന്നതും അത്തം മുതലാണ്. അത്തം മുതൽ പത്താം ദിനം വരെ, ഓരോ നിറങ്ങളിൽ ഓരോ പൂക്കളാൽ അത്തപ്പൂക്കളം ഒരുക്കുന്നതാണ് പൊതുവെയുള്ള രീതി.  പഞ്ഞകര്‍ക്കടം മാറി സമൃദ്ധിയുമായി വന്നെത്തുന്ന ചിങ്ങം മലയാളികളുടെ വിശപ്പ് മാറ്റം, എന്നാല്‍ ഈ കഥയെല്ലാം പണ്ടത്തേതാണ്, ഇന്ന് എല്ലാവര്‍ക്കും എന്നും ഓണമല്ലേ? ഈ വര്‍ഷത്തെ ഓണത്തെയും അതിമനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്ത് വരവേല്‍ക്കാന്‍ നിങ്ങള്‍ തയാറാണോ? ഓരോ ദിവസവും വീട്ടുമുറ്റത്ത് തീര്‍ക്കേണ്ട പൂക്കളങ്ങള്‍ക്ക് ഓരോ പ്രത്യേകതയുണ്ട്.

തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഉണ്ടാവുക.

നിലവിളക്ക് കൊളുത്ത് ഗണപതിക്ക് വെച്ച ശേഷം വേണം പൂക്കളമിടാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തുമ്പപ്പൂ കിട്ടിയിട്ടുണ്ടെങ്കില്‍ പൂക്കളത്തില്‍ ആദ്യം വെക്കേണ്ടത് തുമ്പ ആയിരിക്കണം. ഓണത്തിന്റെ ആദ്യനാളുകളില്‍ തന്നെ തൃക്കാക്കരയപ്പനെ പൂക്കളത്തിലേക്ക് കൊണ്ടുവരേണ്ട, ഉത്രാടം നാളിലാണ് സാധാരണയായി പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കുന്നത്.

അത്തത്തിന് ഒരു പൂവെ നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എങ്കില്‍ ഒരിക്കലും വിഷമിക്കരുത്, ആ ഒരു പൂവ് മതി നിങ്ങളുടെ പൂക്കളം അതിമനോഹരമാക്കാന്‍. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടുന്നതാണ് രീതി. അതിനാല്‍ ഏറ്റവും ചെറുതില്‍ തുടങ്ങി വലിയ പൂക്കളത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Recent Posts