തിരുവനന്തപുരം:അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടുമെന്ന് കേരള സര്‍വകലാശാല വി സി ഡോ മോഹനന്‍ കുന്നുമ്മല്‍.അമ്മ ആരെന്നറിയാത്തവര്‍ വന്ദേമാതരം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിവിളയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സങ്കല്‍പ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനന്‍ കുന്നുമ്മല്‍ ഇങ്ങനെ പറഞ്ഞത്. വേദിയിലെ ഭാരതാംബ ചിത്രത്തിന് മുന്നിലെ ദീപം അദ്ദേഹം കൊളുത്തി.
കുട്ടികളെ നല്ല പൗരന്മാരായി വളര്‍ത്തേണ്ട ചുമതല ഓരോ ഗൃഹനാഥനും ഗൃഹനാഥയ്‌ക്കും ഉള്ളതാണ്. അതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കേണ്ടത് ഗൃഹനാഥയാണ്. കാരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് ഭാരതം. അത് കൊണ്ടാണ് നമ്മള്‍ ഭാരതാംബ എന്ന് പറയുന്നത്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. ആളുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും വരും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്ന് ഡോ മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.
എന്താണ് പഠിക്കണ്ടതെന്ന് കുട്ടികളാണ് തീരുമാനിക്കേണ്ടത്. നിങ്ങള്‍ക്ക് എത്രത്തോളം പഠിക്കണമോ അതിനുള്ള സൗകര്യം ചെയ്യാനായി ഈ രാജ്യം തന്നെ നിങ്ങളുടെ ഒപ്പമുണ്ടെന്നും ഡോ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
















