കൊച്ചി: നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിച്ച റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി.
ലൈറ്റുകള്‍ സ്ഥാപിച്ച ലൈറ്റിങ് ടെക്‌നോളജീസിന് കരാര്‍ പ്രകാരമുള്ള 3.68 കോടി നല്കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്കമ്പനി പറ്റിച്ചെന്നാണ് പരാതി. എട്ട് മാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനി നിയമ നടപടിതുടങ്ങി. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ആറ് കോടിയുടെ ക്വട്ടേഷനാണ് ആദ്യം നല്കിയിരുന്നതെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ തുക 5.12 കോടിയായി കുറച്ചിരുന്നു. ഇതില്‍ 1.44 കോടി അഡ്വാന്‍സായി നല്കി. സ്റ്റേഡിയം നവീകരണത്തിനായി 70 കോടി ചെലവാക്കിയെന്നാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. ഇതെല്ലാം പൊള്ളയായിരുന്നുവെന്നാണ് ഇതോടെ പുറത്തുവരുന്ന വിവരം.
ഐഎസ്എല്‍ മത്സരങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനായി അടിയന്തരമായി പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സ്പോണ്‍സര്‍ ആവശ്യപ്പെട്ടിരുന്നു. പണം പിന്നീട് നല്കാമെന്ന ഉറപ്പില്‍ ലൈറ്റിങ് ടെക്‌നോളജീസ് കൃത്യസമയത്തുതന്നെ ജോലി പൂര്‍ത്തിയാക്കി. പണം കിട്ടാതായതോടെ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായജിസിഡിഎ വിഷയത്തില്‍ ഇടപെടണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജിസിഡിഎ ചെയര്‍മാനും സെക്രട്ടറിക്കും കമ്പനി നല്കിയ കത്തിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. ജൂണ്‍ 16ന് സെക്രട്ടറിക്കും പിന്നീട് ജൂലൈയില്‍ ചെയര്‍മാനുമാണ് കമ്പനി കത്തയച്ചത്.












