ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഈ മഹത്തായ വേളയില്‍, എല്ലാ ഭാരതീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായി ജീവന്‍ ത്യജിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചപ്പോള്‍, ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി നമ്മുടെ ദേശീയപതാക ഉയര്‍ത്താനും, മഹാനായ ദേശസ്‌നേഹി നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനെ അനുസ്മരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. 1943 ഡിസംബര്‍ 30-ന് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജ് ഭാരത മണ്ണില്‍ ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയ ആ പവിത്രമായ മണ്ണില്‍ നില്‍ക്കാന്‍ കഴിഞ്ഞത് എനിക്ക് വളരെ വികാരനിര്‍ഭരമായ അനുഭവമായിരുന്നു. പസുംപൊന്‍ മുത്തുരാമലിംഗ തേവരുടെ ക്ഷണപ്രകാരം 1939 സെപ്തംബറില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് മധുര സന്ദര്‍ശിച്ചതും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോയി. ആ ചരിത്ര നിമിഷം ആ പ്രദേശത്തെ എണ്ണമറ്റ ദേശസ്‌നേഹികള്‍ക്ക് വലിയ പ്രചോദനമായിരുന്നു.
മറ്റൊരു അവിസ്മരണീയ അനുഭവം ദേശീയ സ്മാരകമായ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനമായിരുന്നു. ഭാരതാംബയുടെ വീരപുത്രന്മാരായ വീര്‍ സവര്‍ക്കര്‍, യോഗേന്ദ്ര ശുക്ല, ബടുകേശ്വര്‍ ദത്ത്, സചീന്ദ്ര നാഥ് സന്യാല്‍ തുടങ്ങി നിരവധി പ്രമുഖരെ കൊളോണിയല്‍ സൈന്യം ഇവിടെയാണ് ഏകാന്തതടവില്‍ പാര്‍പ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി ഭാരതം നിലനില്‍ക്കുന്നതിനായി തങ്ങളുടെ ജീവന്‍ ബലി അര്‍പ്പിച്ചവരുടെ ധീരതയുടെയും സഹനത്തിന്റെയും പരമോന്നത ത്യാഗത്തിന്റെയും കഥകള്‍ ദേശീയ സ്മാരകത്തിന്റെ ചുവരുകളില്‍ ഇന്നും പ്രതിധ്വനിക്കുന്നുണ്ട്. കോടിക്കണക്കിന് ആളുകളില്‍ ദേശഭക്തിയുടെ ജ്വാല പടര്‍ത്തുകയും രാഷ്‌ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്ത എല്ലാ വഴികാട്ടികള്‍ക്കും ആദരവറിയിച്ചുകൊണ്ട് ഈ ലേഖനം എഴുതാന്‍ ആ സന്ദര്‍ശനമാണ് എനിക്ക് പ്രചോദനമായത്.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന ആഗസ്ത് 9-ന് ആന്‍ഡമാന്‍ ദ്വീപുകളില്‍ ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. 1942-ല്‍ രാഷ്‌ട്രപിതാവായ മഹാത്മാ ഗാന്ധിജി ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്’ തുടക്കമിട്ടു. ഈ ആഹ്വാനത്തിന്റെ ഫലമായി സ്വാതന്ത്ര്യത്തിനായുള്ള കടുത്ത ആഗ്രഹം രാജ്യത്തുടനീളം അലയടിച്ചു.
അന്നത്തെ കൊളോണിയല്‍ ഭരണകൂടത്തിനെതിരെ ധീരമായി നിലകൊണ്ട ആ തലമുറയോട് നാം ഇന്ന് കടപ്പെട്ടിരിക്കുന്നു; അവരുടെ ത്യാഗം കാരണമാണ് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണഘടനാപരമായ അവകാശങ്ങളോടെ സ്വാതന്ത്ര്യത്തിന്റെ ശ്വാസമെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. ഈ രാഷ്‌ട്രത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ധീരരായ സ്വാതന്ത്ര്യസമര സേനാനികള്‍ അചഞ്ചലമായ സമര്‍പ്പണത്തോടെയും ത്യാഗത്തോടെയും പോരാടുകയും, നമ്മുടെ ഭാരതാംബയെ സ്വതന്ത്രയായി കാണാന്‍ അവരില്‍ പലരും തങ്ങളുടെ വിലയേറിയ ജീവന്‍ ത്യജിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികളുടെ വൈവിധ്യം
വടക്ക് കശ്മീരില്‍ നിന്നായാലും തെക്ക് തമിഴ്നാട്ടില്‍ നിന്നായാലും; പടിഞ്ഞാറ് ഗുജറാത്തില്‍ നിന്നായാലും കിഴക്ക് അസമില്‍ നിന്നായാലും – എല്ലാ മേഖലകളിലും പശ്ചാത്തലങ്ങളിലും പ്രായത്തിലുമുള്ള ജനങ്ങള്‍ ഭാരതാംബയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചുചേര്‍ന്നു.
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പ്രതിരോധത്തിന്റെ അനശ്വര പ്രതീകമായ ഝാന്‍സി റാണി ലക്ഷ്മിഭായിയുടെ വീര്യം; മംഗള്‍ പാണ്ഡെയുടെ ധൈര്യം; ‘സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടുക തന്നെ ചെയ്യും’ എന്ന പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ഉണര്‍ത്തിയ ബാലഗംഗാധര തിലകിന്റെ നിര്‍ഭയ ആഹ്വാനം – അങ്ങനെ ഓരോ ശബ്ദവും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന് കരുത്തേകി. ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ കപ്പല്‍ കമ്പനിക്ക് തുടക്കമിട്ടുകൊണ്ട് വി.ഒ. ചിദംബരം പിള്ള കൊളോണിയല്‍ സാമ്പത്തിക ആധിപത്യത്തെ ചോദ്യം ചെയ്യുകയും, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം യുദ്ധഭൂമിയില്‍ മാത്രമല്ല വാണിജ്യരംഗത്തും നടന്നിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ വിപ്ലവവീര്യം സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി ത്യാഗം സഹിക്കാന്‍ തലമുറകള്‍ക്ക് പ്രചോദനമായി; അതേസമയം റാണി ഗെയ്ഡിന്‍ലിയുവിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ബ്രിട്ടീഷ് ഭരണത്തിനെതിരെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രതിരോധത്തിന്റെ ജ്വാല തെളിച്ചുനിര്‍ത്തി. അസമില്‍, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നതിനിടെ, പൂര്‍ണ്ണ ധൈര്യത്തോടെ ദേശീയപതാകയേന്തിയ യുവതിയായ കനകലതാ ബറുവ തന്റെ ജീവന്‍ ബലി അര്‍പ്പിച്ചു. ഭഗവാന്‍ ബിര്‍സ മുണ്ടയും മറ്റ് നിരവധി ഗോത്രവര്‍ഗ്ഗ നേതാക്കളും കൊളോണിയല്‍ ഭരണത്തിനെതിരെ ചരിത്രപരമായ പ്രതിരോധത്തിന് നേതൃത്വം നല്‍കി.
ചരിത്രത്താളുകളില്‍ നിന്ന് എടുത്തുകാട്ടാന്‍ സാധിക്കുന്ന ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും സഹനശക്തിയുടെയും ധാരാളം കഥകളുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ധീരതയുടെയും ത്യാഗത്തിന്റെയും സമ്പന്നമായ ഒരു സമന്വയ ചിത്രമായി മാറുന്നു. എണ്ണമറ്റ വീരന്മാരുടെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെയാണ് ഭാരതം സ്വാതന്ത്ര്യം നേടിയെടുത്തതെന്നും അവരുടെ പാരമ്പര്യം തലമുറകളെ തുടര്‍ന്നും പ്രചോദിപ്പിക്കുന്നുവെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ തിരുപ്പൂര്‍
ഈ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍, ‘കൊടി കാത്ത കുമരന്‍’ എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന തിരുപ്പൂര്‍ കുമരന് ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് എന്റെ ജന്മസ്ഥലം കൂടിയായ തിരുപ്പൂരില്‍ വെച്ച്, മരണത്തെ അഭിമുഖീകരിക്കുമ്പോഴും ദേശീയപതാക താഴെ വീഴാന്‍ അനുവദിക്കാതെ ജീവന്‍ ബലി അര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
ചെറുപ്പത്തില്‍ തന്നെ കുമരന്റെ ഹൃദയത്തില്‍ ദേശാഭിമാനത്തിന്റെ ജ്വാല പടര്‍ന്നുപന്തലിച്ചിരുന്നു. ‘സ്വരാജ് നമ്മുടെ ജന്മാവകാശമാണ്’ എന്ന ആഹ്വാനത്താല്‍ പ്രചോദിതനായി അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളില്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ട കുമരന്‍, ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളില്‍ ദേശീയതയുടെ ആവേശം ഉണര്‍ത്തുന്നതിനായി ‘ദേശബന്ധു യൂത്ത് അസോസിയേഷന്‍’ സ്ഥാപിച്ചു.
കൊളോണിയല്‍ ഭരണത്തിന്റെ അനീതികളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകുകയും അവയെ ചെറുക്കാനുള്ള ധൈര്യവും വ്യക്തതയും കൈവരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാനാകൂ എന്ന് കുമരന്‍ ഉറച്ചു വിശ്വസിച്ചു. സാമൂഹിക പരിഷ്‌കരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ തത്വങ്ങളോട് പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം, മദ്യവര്‍ജ്ജനത്തെ സാമൂഹികവും ദേശീയവുമായ പുനരുജ്ജീവനത്തിലേക്കുള്ള ഒരു പ്രധാന പടിയായി കണ്ടുകൊണ്ട് അതിനായി സജീവമായി നിലകൊണ്ടു. ഇതിന്റെ ഭാഗമായി, അദ്ദേഹം കള്ളുഷാപ്പുകള്‍ക്ക് മുന്നില്‍ പിക്കറ്റിങ് നടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി മദ്യം ഉപേക്ഷിക്കാനും സ്വയം അച്ചടക്കം ശീലിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1932 ജനുവരി 10-ന് നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കുമരന്‍ ഒരു പ്രകടനത്തിന് നേതൃത്വം നല്‍കി. കൈകളില്‍ ദേശീയപതാകയേന്തി, കുറച്ച് ധീരരായ മനുഷ്യര്‍ക്കൊപ്പം അദ്ദേഹം മുന്നേറിയപ്പോള്‍ ‘വന്ദേമാതരം’ എന്ന ശക്തമായ മന്ത്രധ്വനി തിരുപ്പൂരിലെ തെരുവുകളില്‍ പ്രതിധ്വനിച്ചു. കൊളോണിയല്‍ സൈന്യം ആ സംഘത്തെ ആക്രമിച്ചു; ചുണ്ടുകളില്‍ ‘വന്ദേമാതരം’ എന്ന മുദ്രാവാക്യത്തോടും പതാക ശരീരത്തോട് ചേര്‍ത്തുപിടിച്ചും കുമരന്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 27.
തിരുപ്പൂര്‍ കുമരന്റെ വയസ്സ് എഴുതുമ്പോള്‍, ഭാരതാംബയ്‌ക്കായി ജീവന്‍ ത്യജിച്ച മറ്റ് നിരവധി യുവാക്കളെയാണ് ഞാന്‍ ഓര്‍ക്കുന്നത്. ഭഗത് സിംഗ് (23), സുഖ്ദേവ് (23), രാജ്ഗുരു (22), ഖുദിറാം ബോസ് (18), കനകലതാ ബറുവ (18), അനന്ത് ലക്ഷ്മണ്‍ കന്‍ഹെറെ (19), വാഞ്ചിനാഥന്‍ (25) തുടങ്ങി എണ്ണമറ്റ യുവമനസ്സുകള്‍ തങ്ങളുടെ ജീവന്‍ വെടിഞ്ഞ്, ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ താളുകളില്‍ അമരന്മാരായി മാറി.
നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ അറിയപ്പെടാത്ത വീരന്മാരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഞാന്‍ എന്റെ പ്രണാമം അര്‍പ്പിക്കുന്നു.
ഈ സുപ്രധാന അവസരത്തില്‍, നമ്മുടെ മാതൃഭൂമിയോടുള്ള പ്രതിബദ്ധത നമുക്ക് പുനരവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാം. ഈ അമൃതകാലത്ത് ഒരു ‘വികസിത ഭാരതം @ 2047’ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കാനും നമ്മുടെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനും നമുക്ക് തയാറാകാം. അചഞ്ചലമായ ധൈര്യത്തോടെ പോരാടുകയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ തങ്ങളുടെ ജീവന്‍ ബലി അര്‍പ്പിക്കുകയും ചെയ്ത ആ വീരഹൃദയങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി അതായിരിക്കും.
ജയ് ഹിന്ദ്! ഭാരതാംബ നീണാള്‍
വാഴട്ടെ!
















