കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ മാങ്ങാട്ടിടം പഞ്ചായത്തില്‍ നീര്‍വേലി ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നു. നാലുഭാഗവും നീരൊഴുക്കുകളാല്‍ വേലി തീര്‍ത്ത പ്രദേശം എന്ന അര്‍ഥത്തിലാണ് നാടിനു നീര്‍വേലിയെന്ന പേരുവന്നത്.
ശംഖ്, ചക്രം, ഗദ, പത്മം എന്നിവ കൈകളിലേന്തി ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തില്‍ കുടികൊള്ളുന്ന ശ്രീരാമസ്വാമിയാണ് പ്രധാന പ്രതിഷ്ഠ. ഖര-ദൂഷണ-ത്രിശ്ശിരസുക്കളെ വധിച്ചശേഷം രൗദ്രതയടങ്ങാത്ത ശ്രീരാമസ്വാമിയുടെതാണ് പ്രതിഷ്ഠാഭാവം. ഉഗ്രമൂര്‍ത്തി സങ്കല്പമാണിത്. കിഴക്കോട്ട് ദര്‍ശനമായി അഞ്ജന ശിലയില്‍ തീര്‍ത്ത വിഗ്രഹം നില്ക്കുന്ന രൂപത്തിലാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്താണ് തീര്‍ത്ഥക്കുളം.
ഈ ക്ഷേത്രത്തില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയത്, 5000 വര്‍ഷം മുമ്പ്, ഋഷീശ്വരന്മാര് ആണെന്ന് കരുതുന്നു. ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന് ചതുര ശ്രീകോവിലാണുള്ളത്. കൂത്തുപറമ്പിനും മട്ടന്നൂരിനുമിടയില്‍ അളകാപുരി ആയിത്തറ റോഡില്‍ സ്ഥിതി ചെയ്യുന്നു.
ഉപദേവതകളായി ഗണപതി മാത്രമാണുള്ളത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് നാഗസ്ഥാനവുമുണ്ട്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പാതാളനാഗ ആരാധന ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. പാതാളനാഗത്തിന് സങ്കല്പം മാത്രമാണുള്ളത് (പ്രതിഷ്ഠയില്ല).
ദിവസവും ഉഷപൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിങ്ങനെ മൂന്ന് പൂജകളാണ് ഇവിടെയുള്ളത്. ഇവിടെ നിത്യശീവേലി ഇല്ല. വിലങ്ങര നാരായണന് ഭട്ടതിരിയാണ് തന്ത്രി. മന്ദ്യത്ത് ഭട്ടതിരി, കൂട്ടപ്പാവില് നീര്‍വേലി (കണ്ടോത്ത് ഇല്ലം) എന്നിവര്‍ക്കാണ് ഊരായ്മ. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ഈ ക്ഷേത്രം.
മകരമാസത്തിലെ അശ്വതി നക്ഷത്ര നാളിലാണ് ക്ഷേത്രോത്സവം. മേടത്തിലെ രോഹിണി നക്ഷത്രത്തില്‍ പ്രതിഷ്ഠദിനവും ആഘോഷിക്കുന്നു. തിരുവോണം, ദീപാവലി, ശ്രീരാമനവമി, ശ്രീകൃഷ്ണജയന്തി, വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗവാതില്‍ ഏകാദശി, വൈശാഖ മാസം തുടങ്ങിയ വിശേഷ ദിവസങ്ങളും ആഘോഷിക്കാറുണ്ട്. കര്‍ക്കടക മാസത്തില്‍ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം എന്നിവയും നടന്നുവരുന്നു.
ശ്രീരാമസ്വാമിയുടെയും ഗണപതിയുടെയും ഇഷ്ടവഴിപാടാണ് നെയ് വിളക്ക്. അര്‍ച്ചന, പാല്പായസം, കടുംപായസം, കളഭാഭിഷേകം, ചന്ദനം ചാര്‍ത്തല്‍, മഞ്ഞപട്ട് ഒപ്പിക്കല്‍, നിറമാല എന്നിവയാണ് ഇവിടുത്തെ മറ്റ് വഴിപാടുകള്‍.
പ്രഭാതത്തില്‍ 5.30 മുതല്‍ രാവിലെ 9.30 വരെയും വൈകീട്ട് 5.30 മുതല്‍ രാത്രി 7.30 വരെയും ആണ് ദര്‍ശന സമയം.
എളയാവൂര് ഭരതസ്വാമി – ഭഗവതി ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ എളയാവൂര് പഞ്ചായത്തിലാണ് ഈ ഭരതസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിഷ്ണുക്ഷേത്രമായാണ് നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും സ്വര്‍ണപ്രശ്നം നടത്തിയപ്പോഴാണ് ഇത് ഭരതസങ്കല്‍പത്തിലുള്ള ക്ഷേത്രമാണെന്ന് മനസിലായത്.
നാലു തൃക്കൈകളിലും ചക്രം, ശംഖ്, അക്ഷമാല, ഗദ എന്നിവയോടു കൂടി നില്ക്കുന്ന രൂപത്തിലുള്ള, കൃഷ്ണശില നിര്‍മ്മിതമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. കിഴക്ക് ദര്‍ശനമായി ചെങ്കല്ലില്‍ നിര്‍മ്മിച്ച ശ്രീകോവിലാണ് ഇവിടെയുള്ളത്. താപസ വേഷത്തിലുള്ള ഭരതനായാണ് പ്രതിഷ്ഠാഭാവം.
ഭരതനും അമ്പാടിക്കണ്ണനും തരണനല്ലൂര്‍ തെക്കിനിയേടത്ത് മന, ഭഗവതിക്ക് കാട്ടുമാടം മന, നാഗങ്ങള്‍ക്ക് പാമ്പുമേയ്ക്കാട്ട് മന എന്നിങ്ങനെയാണ് ഇല്ലങ്ങള്ക്കുള്ള ഇവിടുത്തെ താന്ത്രിക അവകാശം. തെക്കന്‍, മുണ്ടയാടന്‍ എന്നീ ഇല്ലങ്ങളാണ് ഊരാണ്മക്കാര്.
ഉഷഃപൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിങ്ങനെ നിത്യവും മൂന്ന് പൂജകളുള്ള ഈ ക്ഷേത്രത്തില്‍ നിത്യശീവേലി പതിവില്ല. പാല്പായസം, വെള്ളനേദ്യം, താമരമാല, താമര സമര്‍പ്പണം, നെയ് വിളക്ക്, പുഷ്പാഞ്ജലി തുടങ്ങിയവയാണ് ഭരത ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. നെയ്പായസമാണ് ഭഗവാന്റെ ഇഷ്ടവഴിപാട്.
ആദിപരാശക്തിക്കും മുഖ്യദേവതാ സ്ഥാനം ഇവിടെയുണ്ട്. ആദിപരാശക്തി (ശ്രീ ഭഗവതി അമ്മ) കന്നിമൂലയില്‍ കിഴക്ക് മുഖമായ ശ്രീകോവിലില്‍ കുടികൊള്ളുന്ന ക്ഷേത്ര സങ്കേതമാണ് ഇത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയില്‍ ദേവീചൈതന്യം കുടികൊള്ളുന്ന സ്ഥാനത്ത് കണ്ണാടി വിഗ്രഹം പ്രതിഷ്ഠിച്ച് യോഗീശ്വരന്മാരും തന്ത്രിവര്യന്മാരും ആരാധിച്ചു വന്നിരുന്നു. ഭഗവതിയെ ഭരതസ്വാമിയുടെ അനുജത്തിയായി കരുതിയാണ് ഇവിടെ ആരാധിക്കുന്നത്.
കന്നിമൂല ഭഗവതി അമ്മയുടെ മുന്നില്‍ കൊടിയില വച്ച് വിശേഷാല്‍ പൂജകളോടെയാണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. ഉത്സവ ദിവസങ്ങളില്‍ നാടെഴുന്നള്ളത്തിനും ആറാട്ടിനും ശ്രീഭഗവതിയുടെ തിടമ്പാണ് എഴുന്നള്ളിക്കുന്നത്. ഈ സമയത്ത് ദേവീ വിഗ്രഹത്തിലേക്ക് പൂജാരി അരി എറിഞ്ഞ് അനുഗ്രഹിക്കുന്ന ചടങ്ങ് വളരെ വിശേഷമാണ്. വിഗ്രഹത്തില്‍ നിന്ന് നിലത്ത് വീഴുന്ന അരിമണികള്‍ പെറുക്കിയെടുത്ത് ധാന്യപ്പുരയിലും അരിപ്പെട്ടിയിലും സൂക്ഷിച്ചാല്‍ ദാരിദ്ര്യദുഃഖം അകലുമെന്നാണ് വിശ്വാസം. മീനമാസത്തിലെ പൂയ്യം നാളില്‍ തുടങ്ങി പൂരം നാളില്‍ അവസാനിക്കുന്ന വിധത്തിലാണ് ഇവിടെ ഉത്സവം നടത്തിവരുന്നത്. എളയാവൂര് ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഭഗവതിക്ക് ഗുരുതിയും നടക്കുന്നു. ഈ ഗുരുതി വഴിപാടായി നടത്താവുന്നതാണ്. കൂടാതെ കടുംപായസം, ഭഗവതിസേവ, രക്തപുഷ്പാഞ്ജലി, ചുകപ്പ് ഒപ്പിക്കല്‍, നെയ് വിളക്ക് എന്നിവയും ഭഗവതിയുടെ പ്രധാന വഴിപാടുകളാണ്.
മലബാര്‍ ദേവസ്വത്തിന്റെ അധീനതയിലാണ് എളയാവൂര് ക്ഷേത്രഭരണം. തരണനെല്ലൂര്‍ തെക്കിനിയേടത്തു പത്മനാഭനുണ്ണി നമ്പൂതിരിപ്പാടാണ് ഭരത ക്ഷേത്രത്തിലെ തന്ത്രി. ഈശാനകോണില്, തോട്ടട കസ്തൂരി ചാലില്‍ നിന്നും വന്നുചേര്‍ന്ന, അമ്പാടിക്കണ്ണനാണ് പ്രതിഷ്ഠ. എളയാവൂര് വലിയന്നൂര്‍ അതിര്‍ത്തിയില്‍ നിന്ന് ആവാഹിച്ചു കൊണ്ടുവന്ന തൃക്കോത്തപ്പനും ഇവിടെ ഉപദേവനാണ്. നാലമ്പലത്തിനുള്ളില്‍ മഹാഗണപതി, ഭഗവതി ക്ഷേത്രത്തിന്റെ പുറകില്‍ നാഗം എന്നീ ഉപദേവത പ്രതിഷ്ഠകളും ഉണ്ട്.
പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ 11 മണി വരെയും വൈകീട്ട് അഞ്ചര മണി മുതല്‍ രാത്രി ഏഴര വരെയും ആണ് ദര്‍ശന സമയം.
പെരിഞ്ചേരി ശ്രീവിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കല്‍പ്പം)
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലാണ് പെരിഞ്ചേരി മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ലക്ഷ്മണ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയാണിവിടെ.ആയിരത്തിലധികം വര്‍ഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത്.
ശ്രീരാമ ലക്ഷ്മണന്മാരുടെ വനവാസക്കാലത്ത് ഇവിടെ എത്തിയിരുന്നുവെന്നാണ് ഐതിഹ്യം. മാരീചനെ തേടി പോകുമ്പോള്‍ ശ്രീരാമന് സീതയ്ക്കു കാവല്‍ നില്‍ക്കുന്നതിനായി ഏല്‍പ്പിച്ച രക്ഷാകര്‍തൃ ഭാവത്തിലാണ് ലക്ഷ്മണസ്വാമി. അതിനാല്‍ തന്നെ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ഏറെ ഫലം കിട്ടുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
കിഴക്കോട്ട് ദര്‍ശനമായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തൃക്കൈകളില് ധരിച്ച് നില്ക്കുന്ന ചതുര്‍ബാഹു വിഗ്രഹമാണ് ഇവിടെയുള്ളത്. ദ്വിതല പ്രാസാദരൂപത്തിലുള്ള ചതുര ശ്രീകോവിലില്‍ ഉള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ തറ കൃഷ്ണശിലയിലും ചുമര് ചെങ്കല്ലും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
സീതയുടെ സങ്കല്പമായി ആരാധിക്കുന്ന കുളത്തും വാതുക്കല് ശ്രീഭഗവതി കോട്ടം ഈ ക്ഷേത്രത്തിന്റെ അടുത്തു തന്നെയാണുള്ളത്. കുംഭത്തിലെ ഉത്രട്ടാതി നക്ഷത്രത്തില്‍ കൊടിയേറി ഏഴു ദിവസത്തെ ഉത്സവമാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ആറാട്ട് ക്ഷേത്രക്കുളത്തിലാണ് നടക്കുന്നത്. ചെങ്കല്ലുകള്‍ കൊണ്ട് പടവുകള്‍ കെട്ടിയൊതുക്കിയ അതിവിശാലമായ ഈ ക്ഷേത്രക്കുളം 55 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇവിടെ ഉത്സവം തുടങ്ങിയാല്‍ അരയാലില്‍ ശ്രീരാമസ്വാമിയുടെ സാന്നിധ്യം ഉണ്ടാകുമത്രേ. ആയതിനാല്‍ ആദ്യകാലങ്ങളില്‍ നിര്‍വേലി ക്ഷേത്രത്തില്‍ വിശേഷ വഴിപാടുകള്‍ പതിവില്ലായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.
മൂന്ന് പൂജകള്‍ ഉള്ള ഈ ക്ഷേത്രത്തില്‍ നിത്യശീവേലി ഇല്ല. വിലങ്ങര ഭട്ടതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. ക്ഷേത്രം മേല്‍ശാന്തി ആട്ടാട്ടുവള്ളി ജയദേവന് നമ്പൂതിരിയാണ്. അഴകത്ത് അഴിക്കോട്, അണിമംഗലം മംഗലശ്ശേരി, വലിയ പാലത്ര ആട്ടാട്ടുവള്ളി, പുളിയേരി പനമിറ്റം, കുഞ്ഞിപ്പാലത്ര ആട്ടാട്ടുവള്ളി എന്നീ ഇല്ലങ്ങള്ക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്മ. പാരമ്പര്യേതരക്കാരും അടങ്ങുന്ന ട്രസ്റ്റിനാണ് ക്ഷേത്രഭരണം.
എടവമാസത്തിലെ മകീര്യം നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനം ആചരിക്കുന്നു. എല്ലാ വര്‍ഷവും മീനം 15, 16 തീയതികളില്‍ ഉപദേവതയായ ഭഗവതിക്ക് തിറ (തെയ്യം) ആഘോഷിക്കാറുണ്ട്. കുംഭമാസത്തിലെ ആയില്യം നാളില്‍ നാഗത്തിന് പൂജയുണ്ട്. മണ്ഡലമാസത്തില്‍ ലക്ഷാര്‍ച്ചന, വേദജപം തുടങ്ങിയവയും ഉണ്ട്.
നെയ്വിളക്ക്, നിറമാല എന്നിവ ഭഗവാന്റെ ഇഷ്ടവഴിപാടുകളാണ്. ഭാഗ്യസൂക്തം, വിദ്യാഗോപാല മന്ത്രാര്‍ച്ചന, മഞ്ഞപ്പട്ട്, അലങ്കാരപൂജ , ഐക്യമത്യസൂക്തം, തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകള്‍.
ഭൂതത്താര്‍, ഗണപതി, നാഗം, ഭഗവതി എന്നീ ഉപദേവതകള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്.
സാധാരണ ദിവസങ്ങളില്‍ ദര്‍ശന സമയം പ്രഭാതത്തില്‍ 6 മുതല്‍ രാവിലെ 9 വരെയും വൈകീട്ട് 5 മുതല്‍ രാത്രി ഏഴര വരെയുമാണ്.
പായം ശത്രുഘ്ന ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍ പായം പഞ്ചായത്തിലാണ് ഈ ശത്രുഘ്ന ക്ഷേത്രത്തിന്റെ സ്ഥാനം. ചതുര്‍ബാഹുക്കളില്‍ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയേന്തി നില്ക്കുന്ന രൂപത്തിലുള്ള കൃഷ്ണശിലാ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
തകര്‍ന്നു കിടന്നിരുന്ന ഈ ക്ഷേത്രത്തിലെ പഴയ വിഗ്രഹം തന്നെ പുനഃപ്രതിഷ്ഠിക്കപ്പെട്ടതിന്റെ കാരണം ആയതിന്റെ ചൈതന്യം നശിക്കാത്തതിനാല്‍ ആയിരുന്നുവത്രെ. യുദ്ധം ജയിച്ച ശേഷമുള്ള രാജാവിന്റെ സന്തോഷഭാവത്തിലാണ് ശത്രുഘ്നസ്വാമി ഇവിടെ വാണരുളുന്നത്. ചെങ്കല്ലില്‍ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള കിഴക്കോട്ട് ദര്‍ശനമായുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്.
നിത്യപൂജയുണ്ടെങ്കിലും ഈ ക്ഷേത്രത്തില്‍ രാവിലെ മാത്രമാണ് പൂജയുള്ളത്. എന്നാല്‍ വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.30 മുതല്‍ 7.30 വരെ പൂജയുണ്ട്. നിത്യശീവേലി പതിവില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും ഒരേദിനത്തില്‍ തന്നെ. മേടം മൂന്നിനാണ് ഇവിടെ ഈ രണ്ട് ആഘോഷങ്ങളും നടക്കുന്നത്. മേടസംക്രമത്തിന് തുടങ്ങുന്ന ചടങ്ങുകള്‍ മേടം മൂന്നിന് അവസാനിക്കുന്നു. ഉത്സവത്തിന് ആറാട്ടില്ല.
2019 ലാണ് ഇവിടെ പുനഃപ്രതിഷ്ഠ നടന്നത്. പുതിയ മണിക്കിണര്‍ നിര്‍മ്മിക്കുമ്പോള്‍ സ്ഥാനം മൂടിപ്പോയ പഴയ ഭാഗത്ത് തന്നെ വരുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. പുതിയ മണിക്കിണറിന് വേണ്ടി ഭൂമി കുഴിച്ചു തുടങ്ങിയപ്പോള്‍ അത് സത്യമാകുകയും ചെയ്തത് നാട്ടുകാരെ വിസ്മയിപ്പിക്കുകയും ചെയ്തു.
വിലങ്ങര ഭട്ടതിരിപ്പാടിന്റെ കുടുംബത്തിനാണ് ഇവിടുത്തെ താന്ത്രിക അവകാശമുള്ളത്. ഊരാണ്മ ഇല്ലങ്ങളും അന്യം നിന്ന് പോയതിനാല്‍ ഇപ്പോള്‍ ഇവിടെ ഊരാളര് ഇല്ല. കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
പുഷ്പാഞ്ജലി, ശത്രുസംഹാര പൂജ, എള്ളുതിരി എന്നിവയാണ് ഇവിടുത്തെ വഴിപാടുകള്‍. ശത്രുഘ്ന ഭഗവാന് ഇഷ്ടപ്പെട്ട വഴിപാട് ചക്രസമര്‍പ്പണമാണ്. കര്‍ക്കടക മാസത്തില്‍ പ്രത്യേക നിവേദ്യങ്ങളായി കടുംപായസം, അവില്പാവ്, തൃമധുരം എന്നിവ ഉണ്ടായിരിക്കും.
ഗണപതി, ഭഗവതി, വനശാസ്താവ് എന്നീ ഉപദേവതകളാണ് ഇവിടെയുള്ളത്. സാധാരണ ദിവസങ്ങളില്‍ പ്രഭാതത്തില്‍ അഞ്ചര മുതല്‍ രാവിലെ 9 മണി വരെയാണ് നട തുറന്നിരിക്കുക.
















