
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയക്ക് സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഇന്ന് ഗ്രീൻ അലേർട്ടാണ്. ആഗസ്റ്റ് 15, 16, 17 തീയതികളിൽ നിലവിലെ മുന്നറിയിപ്പ് പ്രകാരം കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്.
ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.