Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മലയാളത്തിന്റെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തിരൂരിലെ തുഞ്ചന്‍പറമ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ടെന്ന് ചിന്തിക്കണമെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി. എന്തുകൊണ്ടാണ് അങ്ങനെ ഒരു പരിമിതി കേരളത്തില്‍ ഉണ്ടായതെന്ന് ആലോചിക്കണം. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമസ്ഥാപിക്കാന്‍ കേരളത്തിലെ സാഹിത്യകാരന്മാര്‍ക്കോ സാംസ്‌കാരിക നായകന്‍മാര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാരിനോ സാധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉന്നയിക്കപ്പെടണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വി.ഡി. സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം ചോദിച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങളേക്കാള്‍ ആവേശത്തിലാണ് ഇടത് അംഗങ്ങള്‍ എതിര്‍പ്പുന്നയിച്ചത്.

മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ കവിതയില്‍ ‘കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന് പറയുന്നതിന് തൊട്ടുമുമ്പ് ‘ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം’ എന്നാണ്. അപ്പോള്‍ ‘ഭാരതം’ എന്ന അഭിമാനത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ടുവേണം കേരളത്തിന് ചോര തിളയ്‌ക്കേണ്ടത് എന്നാണ് ആശയം.

എന്നാല്‍ കേരളം ബില്ലിന്റെ ചര്‍ച്ചയില്‍ ആ വരികളെപ്പോലും വളച്ചൊടിച്ച് രാജ്യവിരുദ്ധമായി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാനാണ് യുഡിഎഫ് – എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്.

കേരളം ബില്ലിനെ പോലും അനുകൂലിക്കാതെ രണ്ട് മുന്നണിയും ബഹളമുണ്ടാക്കി. ഇരുപതോളം ബില്ലുകള്‍ പാസാക്കേണ്ട വര്‍ഷകാലസമ്മേളനത്തെ കൂക്കിവിളിച്ച് ബഹളം വച്ച് തരംതാണ രീതിയിലാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്.

പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബാലിശമായ സ്വഭാവം പ്രകടിപ്പിച്ചത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.