
തൃശൂര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പരിപാടികളെ തള്ളിപ്പറയുകയോ ബദല്‍ ആശയങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്തുകൊണ്ട് പാര്‍ട്ടി നടപടി നേരിട്ട ഒട്ടേറെ നേതാക്കളും ചിന്തകരുമുണ്ട്. കെ. ദാമോദരന്‍, എംഎന്‍ വിജയന്‍ മുതല്‍ എം.വി. രാഘവന്‍ വരെ ഇങ്ങനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയവരാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എം.പി. പരമേശ്വരന്‍ അടിസ്ഥാനപരമായി മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തങ്ങളെ തന്നെ പൊളിച്ചു പണിയാന്‍ ശ്രമിക്കുകയായിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. നാലാം ലോക സിദ്ധാന്തം എന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ച പുതിയ കാഴ്ചപ്പാട് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ വര്‍ഗസമരം, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം തുടങ്ങിയ ആശയങ്ങളെ നിരാകരിക്കുന്നതായിരുന്നു. ഭാരതീയ സാഹചര്യത്തില്‍ ഈ സിദ്ധാന്തങ്ങള്‍ ഒന്നും വിലപ്പോവില്ലെന്ന് പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.
കൗതുകകരമായ കാര്യം കേരളത്തിലെ സിപിഎം കേഡറുകള്‍ക്ക് വൈരുദ്ധ്യാത്മക ഭൗതികവാദം എന്തെന്ന് മനസിലാക്കി കൊടുത്തത് എം.പി. പരമേശ്വരന്‍ ആയിരുന്നു എന്നതാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം സംബന്ധിച്ച മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പുസ്തകം എം.പി. പരമേശ്വരന്‍ എഴുതിയതാണ്. സൈദ്ധാന്തികമായ ആലഭാരങ്ങള്‍ ഇല്ലാതെ ലളിതമായ ഭാഷയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ സിദ്ധാന്തം ചെറിയ പുസ്തകത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തുകയായിരുന്നു. ആയിരക്കണക്കിന് കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം തന്നെ ഈ സിദ്ധാന്തത്തെ തള്ളിപ്പറയുകയും ബദലായി നാലാം ലോക സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. ഇതോടെ ആശയപരമായ വലിയ വെല്ലുവിളിയാണ് പാര്‍ട്ടി നേരിട്ടത്. എം.പി. പരമേശ്വരന്‍ മാര്‍ക്‌സിസത്തെ അപനിര്‍മിക്കുകയാണെന്ന് ആരോപിച്ച് രംഗത്ത് വന്ന പ്രമുഖരില്‍ വി.എസ്. അച്യുതാനന്ദനും പ്രൊഫ. എം.എന്‍. വിജയനും ഉള്‍പ്പെടെയുണ്ടായിരുന്നു. പിന്നീട് വിജയന്‍ മാഷെയും പാര്‍ട്ടി പുറത്താക്കി എന്നതും കൗതുകകരം.
ഭാരതീയ ജീവിത ദര്‍ശനങ്ങള്‍, ഗാന്ധിയന്‍ മൂല്യങ്ങള്‍, സ്വദേശി സമ്പദ് വ്യവസ്ഥ, ജനാധിപത്യം എന്നിവയോടൊക്കെ പ്രതിബദ്ധത പുലര്‍ത്തിയ ഒരാളായിട്ടാണ് പില്‍ക്കാലത്ത് എം.പി. പരമേശ്വരന്‍ അറിയപ്പെട്ടത്. ഇത്തരം ആശയങ്ങള്‍ കൊണ്ട് മാര്‍ക്‌സിസത്തെ നവീകരിക്കാന്‍ ശ്രമിച്ച എം.പി. സിപിഎമ്മിന്റെ നടപടിക്ക് ഇരയാവുകയായിരുന്നു. നാലാം ലോക സിദ്ധാന്തത്തെ പാര്‍ട്ടി തള്ളിക്കളഞ്ഞുവെങ്കിലും തോമസ് ഐസക്കിനെ പോലെയുള്ളവര്‍ പിന്നീടും അതിലെ പല ആശയങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും എടുത്ത് ഉപയോഗിക്കുകയും പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പരിപാടികളില്‍ പോലും ഇത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാരമ്പര്യവാദികളെന്നും പരിഷ്‌കരണ വാദികളെന്നും ചേരിതിരിഞ്ഞ് രണ്ടായിരത്തിന്റെ തുടക്കത്തോടെ കേരളത്തില്‍ രൂപപ്പെട്ട സിപിഎം വിഭാഗീയതയില്‍ പരിഷ്‌കരണ വാദികള്‍ക്ക് ഒപ്പമായിരുന്നു എം.പി. പരമേശ്വരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്തായിട്ടും പിണറായി വിജയന്‍, എം.എ. ബേബി, തോമസ് ഐസക്ക് തുടങ്ങിയവരുമായി ബന്ധം തുടര്‍ന്നു. എന്നാല്‍ ഒരിക്കല്‍പോലും പാര്‍ട്ടി അംഗത്വം തിരിച്ച് ലഭിക്കാന്‍ അദ്ദേഹം ആരെയും സമീപിച്ചില്ല. ഗ്രാമങ്ങളുടെ വികസനവും നഗരവല്‍കരണവും ഒക്കെയാണ് അദ്ദേഹം പ്രധാന വികസന വിഷയങ്ങളായി കണ്ടത്. മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പുര പോലെയുള്ള സങ്കല്‍പ്പങ്ങള്‍ക്ക് എം.പി. പരമേശ്വരന്റെ ഗ്രാമവികസന സങ്കല്‍പ്പവുമായി സാമ്യമുണ്ട്. ഗ്രാമങ്ങള്‍ നഗരങ്ങള്‍ പോലെ വികസിക്കണം എന്നായിരുന്നു എം.പി.യുടെ കാഴ്ചപ്പാട്.
പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്നുള്ള ആശയപരമായ വ്യതിയാനവും അച്ചടക്കലംഘനവുമാണ് അദ്ദേഹത്തെ പുറത്താക്കാനുണ്ടായ പ്രധാന കാരണങ്ങളായി പാര്‍ട്ടി പറഞ്ഞത്.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ നാലാം ലോകം: ഒരു പുതിയ ലോകക്രമത്തിന്റെ നിര്‍മിതി എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം നിലവില്‍ വരേണ്ട ബദല്‍ വികസന മാതൃകയെക്കുറിച്ചാണ് ഇതില്‍ വിവരിച്ചത്. പ്രാദേശിക സ്വയംപര്യാപ്തത, ഗാന്ധിയന്‍ തത്വങ്ങള്‍, വികേന്ദ്രീകൃത പങ്കാളിത്ത ജനാധിപത്യവും പ്രാദേശിക ഉല്‍പ്പാദന രീതികളും എന്നിവക്കായിരുന്നു ഊന്നല്‍.
‘നാലാം ലോകം’ എന്ന സങ്കല്‍പ്പം അടിസ്ഥാനപരമായി മാര്‍
ക്‌സിസത്തെ അപനിര്‍മിക്കുന്നതാണെന്നും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനമാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. പാരമ്പര്യ വര്‍ഗസമരത്തിന് പകരം അയല്‍പക്ക കൂട്ടായ്‌മകളെയും പ്രാദേശിക തീരുമാനങ്ങളെയും പ്രതിഷ്ഠിക്കുന്നത് സംഘടിത വര്‍ഗപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും, ഗാന്ധിയന്‍ ആശയങ്ങള്‍ കലര്‍ത്തുന്നത് പരമ്പരാഗത വര്‍ഗവിശകലനത്തിന്റെ മൂര്‍ച്ച കുറയ്‌ക്കുമെന്നും പാര്‍ട്ടി വാദിച്ചു.
പാര്‍ട്ടിയുടെ ഔദ്യോഗിക പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചത് കേരളത്തിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി. തുടര്‍ന്ന്, ഗുരുതരമായ പാര്‍ട്ടി അച്ചടക്കലംഘനവും പ്രത്യയശാസ്ത്ര വ്യതിയാനവും ആരോപിച്ചാണ് സിപിഎം അദ്ദേഹത്തെ പുറത്താക്കിയത്.
മുതലാളിത്തത്തെയും കേന്ദ്രീകൃത സോഷ്യലിസത്തെയും ചോദ്യം ചെയ്തുകൊണ്ട് മാര്‍ക്‌സിസം, ഗാന്ധിയന്‍ സാമ്പത്തിക ശാസ്ത്രം, ആധുനിക പരിസ്ഥിതിവാദം എന്നിവ സമന്വയിപ്പിച്ച് അനുയോജ്യമായ സുസ്ഥിര മാതൃക കെട്ടിപ്പടുക്കുക എന്നതാണ് നാലാം ലോകത്തിലൂടെ പരമേശ്വരന്‍ ലക്ഷ്യമിട്ടത്.
അനിയന്ത്രിതമായ വളര്‍ച്ചയിലൂടെ വിഭവങ്ങള്‍ മുടിക്കുന്ന ഒന്നാം ലോക മുതലാളിത്തവും, ജനങ്ങള്‍ക്ക് ജനാധിപത്യപരമായ അധികാരം നല്‍കുന്നതില്‍ പരാജയപ്പെട്ട രണ്ടാം ലോക സോഷ്യലിസവും സുസ്ഥിരമല്ലെന്ന് അദ്ദേഹം വാദിച്ചു. പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, പ്രാദേശിക ഭരണം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കുന്ന ഒരു പുതിയ മാതൃകയാണ് ‘നാലാം ലോകം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഗാന്ധിയന്‍ ചിന്തകള്‍, ഗ്രാമസ്വരാജ്, പ്രാദേശിക ഉത്പാദനം, ലളിതജീവിതം, അഹിംസയിലധിഷ്ഠിതമായ സാമൂഹിക ക്രമം എന്നിവ സിപിഎമ്മിന് ഉല്‍ക്കൊള്ളാനാകാത്ത നിര്‍ദേശങ്ങളായിരുന്നു. വികേന്ദ്രീകൃതവും പങ്കാളിത്തത്തിലധിഷ്ഠിതവുമായ ജനാധിപത്യം വേണം.
അധികാരം കേന്ദ്രീകൃത ഭരണകൂടങ്ങളില്‍ നിന്ന് അയല്‍പക്ക കൂട്ടായ്‌മകളിലേക്കും പ്രാദേശിക ഭരണകൂടങ്ങളിലേക്കും മാറ്റണം എന്നും പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. പിന്നീട് ജനകീയാസൂത്രണം എന്നപേരില്‍ പാര്‍ട്ടി ഇതിനെ ഏറ്റെടുക്കാന്‍ ശ്രമിച്ചു എന്നതും കൗതുകകരമാണ്. പക്ഷേ സിപിഎമ്മിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഇല്ലായിരുന്നു. അതുകൊണ്ട് ജനകീയാസൂത്രണം കടലാസില്‍ ഒതുങ്ങുകയും അധികാരം കേന്ദ്രീകൃതമായി തുടരുകയും ചെയ്തു. വര്‍ഗസമരത്തിന് പകരം അയല്‍പക്ക കൂട്ടായ്‌മകളെ പ്രതിഷ്ഠിക്കുന്നത് സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും, ഗാന്ധിയന്‍ ആശയങ്ങള്‍ കലര്‍ത്തുന്നത് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിയാനമാണെന്നുമായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഇതാണ് 2004 ല്‍ ഡോ. പരമേശ്വരനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്.