ചേര്‍ത്തല: മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളിയും കണ്‍വീനര്‍ അഡ്വ. പി.എസ്. ജ്യോതിസും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ആവശ്യമായ നിയമപരമായ സമ്മതവും അനുമതിയും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്നും സെല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മുട്ടില്‍ മരംമുറിക്കേസില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ മാത്രം അന്വേഷണം നടത്തി അവസാനിപ്പിക്കേണ്ട വിഷയമല്ല. മരംമുറിക്ക് അനുമതി ലഭിച്ചതിന്റെ നിയമസാധുത, ബന്ധപ്പെട്ട റവന്യൂ- വനം രേഖകള്‍, ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍, ഉത്തരവുകള്‍, പട്ടയവ്യവസ്ഥകളുടെ ദുരുപയോഗം, മരങ്ങളുടെ കൈമാറ്റവും കടത്തലും, സാമ്പത്തിക ഇടപാടുകള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്ക്, ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചകള്‍ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരേണ്ടതുണ്ട്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്ന ഒരു കേസില്‍ അന്വേഷണം പേരിനുവേണ്ടിയുള്ള നടപടിയായി മാറാന്‍ പാടില്ല. നിയമത്തിന്റെ കൈകള്‍ സാധാരണക്കാരിലേക്ക് മാത്രം നീളുകയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഇടനാഴികളില്‍ എത്തുമ്പോള്‍ മന്ദഗതിയിലാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. ആരുടെ ഭാഗത്തുനിന്നായാലും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം, ലീഗല്‍സെല്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
















