
ന്യൂദല്‍ഹി: കേരള പിറവിക്ക് ശേഷം 50 വര്‍ഷത്തിന് മേലെയായിട്ടും കേരളത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ‘കേരളം’ എന്ന് വിളിക്കപ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വേണ്ടിവന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൂര്യന്‍ ഉദിച്ചിട്ടില്ലാത്ത ലോകത്തിന്റെ പ്രദേശങ്ങളിലുള്ള മലയാളികള്‍വരെ ഈ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണെന്നും കേരളം ബില്ലിന്റെ ചര്‍ച്ചയില്‍ രാജ്യസഭയില്‍ പറഞ്ഞു.
വള്ളത്തോളിന്റെ കവിതയെ വളച്ചൊടിച്ച് ആഖ്യാനിക്കാന്‍ ശ്രമിച്ച ജെബി മേത്തര്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. അടിയന്തരാവസ്ഥക്കാലത്ത് ഭാരതീയരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എഴുതിയ കവിതയെ വളച്ചൊടിച്ചപ്പോള്‍ ഇടത് അംഗങ്ങളെങ്കിലും തടയണമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ബില്ലില്‍ ചര്‍ച്ചയ്‌ക്ക് പോലും തയാറാകാതെ കേരളത്തിലെ ഇടത് വലത് അംഗങ്ങള്‍ വിട്ടുനിന്നു. വയനാടിനെ സംബന്ധിച്ച് കിട്ടിയ പണത്തെ സംബന്ധിച്ച് എന്തൊക്കെ സംഭവിച്ചു എന്നുള്ളത് അവിടെ കരക്കമ്പി ശക്തമായി ഓടിനടക്കുന്നുണ്ട്. അമൃത് ഭാരത് സ്റ്റേഷനുകളിലൂടെ വലിയ വികസനമാണ് നടക്കുന്നത്. കൊല്ലം, തൃശൂര്‍, എറണാകുളം സൗത്ത്, നോര്‍ത്ത് എന്നിങ്ങനെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വെ സ്റ്റേഷനുകളില്‍ നടക്കുന്നത്.
പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും മണ്ണാണ്, എം. മുകുന്ദന്റെയും എം.ടി. വാസുദേവന്‍ നായരുടെയും വയലാറിന്റെയും ദേവരാജന്റെയും ജോണ്‍സണ്‍ മാഷിന്റെയും ഒക്കെ മണ്ണിലാണ് ഇനി ‘കേരളം’ എന്ന് വിളിച്ചോളൂ എന്ന് പറയുന്ന വലിയ നെറ്റിപ്പട്ടം നരേന്ദ്ര മോദി സര്‍ക്കാര്‍ ചാര്‍ത്തി നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളം… കേരളം… കേളികൊട്ടുണരുന്ന കേരളം.. എന്ന ഗാനത്തിന്റെ നാലുവരിയും സുരേഷ് ഗോപി ആലപിച്ചു.