ആംസ്‌റ്റെല്‍വീന്‍: കായിക ലോകത്തിന് മുന്നിലേക്ക് വീണ്ടും ലോക പോരാട്ടങ്ങള്‍ വിരുന്നെത്തുന്നു. പുരുഷ, വനിതാ ഹോക്കി ലോകകപ്പുകള്‍ ഒരുമിച്ച് ഒരേ ദിവസം ആരംഭിച്ച് ഒരേ ദിവസം അവസാനിക്കുകയാണ്. 15ന് രണ്ട് ലോകകപ്പുകളുടെയും 16-ാം പതിപ്പിനാണ് കാഹളമുയരുന്നത്. ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ ഘടനയും എല്ലാം രണ്ടിലും ഒരു പോലെയാണ്.
നാല് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രാഥമിക പോരാട്ടം. പൂള്‍ എ, ബി, സി, ഡിയിലായി നാല് വീതം ടീമുകള്‍ അണിനിരക്കുന്നതാണ് പ്രാഥമിക പോരാട്ടം. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ പൊരുതി ജേതാക്കളും റണ്ണറപ്പുകളും രണ്ടാം റൗണ്ടില്‍ പ്രവേശിക്കും.
രണ്ടാം റൗണ്ടില്‍ രണ്ട് പൂളുകളായി വീണ്ടും തിരിക്കും. പൂള്‍ ഇയും എഫും. പൂള്‍ എ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും പൂള്‍ ഡിയിലെ ഒന്നും രണ്ടും സ്ഥാനക്കാരും ആയിരിക്കും പൂള്‍ ഇയില്‍ ഏറ്റുമുട്ടുക. ഈ ഘട്ടത്തില്‍ ആദ്യ റൗണ്ടില്‍ എതിര്‍ത്തവരുമായി വീണ്ടും കളി വരില്ല. പകരം മറ്റ് ഗ്രൂപ്പില്‍ നിന്നെത്തിയ രണ്ട് ടീമുമായും കളിക്കണം. ഈ കളികളില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഇ ഒന്നാം സ്ഥാനക്കാരായും രണ്ടാം സ്ഥാനക്കാരായും സെമിയിലേക്ക് യോഗ്യത നേടും. ഇതിന് സമാനമായി പൂള്‍ എഫില്‍ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബി, സി ടീമുകളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ പോരടിച്ച് പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ എഫ് ഒന്ന്, എഫ് രണ്ട് ടീമുകളായി സെമിയിലെത്തും.
സെമിക്ക് മുമ്പായി പ്രാഥമിക റൗണ്ടില്‍ പുറത്തായ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതില്‍നിന്ന് അഞ്ച് മുതല്‍ 15 വരെ സ്ഥാനത്തെത്തുന്ന ടീമുകള്‍ നിര്‍ണയിക്കപ്പെടും.
സെമിയില്‍ തോല്‍ക്കുന്ന രണ്ട് ടീമുകള്‍ 27ന് സെമിയില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് 29ന് ആദ്യം മൂന്നാം സ്ഥാനക്കാരുടെ പോരാട്ടവും രണ്ടാമത് ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനലും അരങ്ങേറും.
ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്
ഭാരത പുരുഷ ടീം മാത്രമേ ലോകകപ്പ് ഹോക്കിയില്‍ കിരീടം നേടിയിട്ടുള്ളൂ. 1975ലെ ആ വലിയ നേട്ടം ഇപ്പോള്‍ 51 വര്‍ഷം പിന്നിട്ടിരിക്കുന്നു. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ വെങ്കലം നേടിയ ഭാരതത്തിന ഇക്കുറി വലിയ പ്രതീക്ഷയാണുള്ളത്. വനിതാ ഹോക്കിയില്‍ ഭാരതം ഇതേവരെ കിരീടം നേടിയിട്ടില്ല.
വനിതകളില്‍ നെതര്‍ലന്‍ഡ്‌സ് ആണ് നിലവിലെ ജേതാക്കള്‍. പുരുഷ ടീമില്‍ ജര്‍മനിയും.
വേദികള്‍
ബെല്‍ജിയത്തിലെ വാവ്‌റെയിലും നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റെല്‍വീനിലും ആയാണ് രണ്ട് ലോകകപ്പുകളിലെയും മത്സരങ്ങള്‍ നടക്കുക. പുരുഷ ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും കലാശപ്പോരാട്ടവും വാവ്‌റെയിലാണ് നടക്കു. വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും ആംസ്റ്റെല്‍വിനിലും.
ഭാരതത്തിന്റെ മത്സരങ്ങള്‍
വനിതാ ലോകകപ്പില്‍ പൂള്‍ ഡിയിലാണ് ഭാരതം. ചൈന, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മറ്റ് ടീമുകള്‍. 16ന് ചൈനക്കെതിരെ ആദ്യ മത്സരം. 18ന് രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും 20ന് അവസാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെയും നേരിടും.
പുരുഷ ലോകകപ്പിലും പൂള്‍ ഡിയിലാണ് ഭാരതം. ചിരവൈരികളായ പാകിസ്ഥാന് പുറമെ ഇംഗ്ലണ്ടും വെയ്ല്‍സുമാണ് പ്രാഥമിക റൗണ്ടില്‍ ഭാരതത്തിന്റെ മറ്റ് എതിരാളികള്‍. 15ന് വെയ്ല്‍സിനെതിരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം 17ന് ഇംഗ്ലണ്ടിനെതിരെ. 19ന് നടക്കുന്ന അവസാന പോരാട്ടത്തില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും.












