
തിരുവനന്തപുരം: ഐഎസ്ആര്‍ഒയില്‍ പിഎസ് എല്‍വി സി61,പിഎസ് എല്‍വി സി62 എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായ പരാജയപ്പെട്ടതിന് പിന്നില്‍ ഒരു ചാരനുണ്ടെന്നും ഇയാള്‍ ഉന്നതനുമാണെന്ന് അഭ്യൂഹം ശക്തം. കേരളത്തിനോട് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും ഐഎസ്ആര്‍ഒ പദ്ധതികള്‍ സ്വന്തമാക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
സോമനാഥ് എന്ന മിടുക്കനെ ഐഎസ്ആര്‍ഒ ചെയര്‍മാനായി അവരോധിക്കുന്നതിന് എതിരെ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നതായും വിലയിരുത്തലുകളുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ വിക്ഷേപിച്ച രണ്ട് പിഎസ് എല്‍വി ഉപഗ്രഹങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. പിഎസ് എല്‍വി 62ല്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന അതിപ്രധാനമായ ഒരു ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. 500 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുവിന്റെ നീക്കങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ കഴിയുന്ന ക്യാമറക്കണ്ണുള്ള ബഹിരാകാശവാഹനമായിരുന്ന അന്വേഷയെ പിഎസ്എല്‍വി സി62 വിക്ഷേപിക്കേണ്ടതായിരുന്നു. പക്ഷെ അന്വേഷയെ ബഹിരാകാശത്തേക്ക് എത്തിക്കേണ്ട പിഎസ് എല്‍വി സി62 എന്ന റോക്കറ്റ് തകര്‍ന്നു വീണിരുന്നു. ഇതിന് പിന്നില്‍ ഐഎസ്ആര്‍ഒയിലെ ചാരന്‍ പ്രവര്‍ത്തിച്ചിരുന്നതായി അഭ്യൂഹം ശക്തമാണ്. രണ്ട് പിഎസ്എല്‍വി റോക്കറ്റുകളുടെ പരാജയത്തിന് കാരണം കണ്ടെത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍ എത്തിയിരുന്നു. ഈ അന്വേഷണത്തില്‍ ഐഎസ്ആര്‍ഒയിലെ ചില പഴുതുകള്‍ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിരുന്നു.
കേരളത്തിലെ രണ്ട് അയല്‍സംസ്ഥാനങ്ങളിലെ ചില ലോബികള്‍ ഐഎസ്ആര്‍ഒയിലെ പദ്ധതികള്‍ സ്വന്തമാക്കാന്‍ നടത്തുന്ന ചരടുവലികള്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി പറയുന്നു.ഇതിനിടെ ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് സ്റ്റാര്‍ട്ടപ് കമ്പനികളായ സ്കൈറൂട്ടും അഗ്നികൂലും വലിയ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഐഎസ്ആര്‍ഒ നടപ്പാക്കുന്ന സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ വരെ ഈയിടെ സ്കൈറൂട്ടും അഗ്നികൂലും വിജയകരമായി നിര്‍വ്വഹിച്ചിരുന്നു. ലോകത്താകെ സ്വകാര്യമേഖലയിലെ കമ്പനികള്‍ ബഹിരാകാശരംഗത്തേക്ക് ശക്തമായി കടന്നുവരുന്നുണ്ട്. ഇതിന് ഉദാഹരണമാണ് അമേരിക്കയിലെ ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ്. തുടര്‍ച്ചയായി അതിസങ്കീര്‍ണ്ണമായ ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കുന്നു. എന്തായാലും ഈ ട്രെന്‍ഡിനൊത്ത് സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളായ അഗ്നികൂലും സ്കൈറൂട്ടും കുതിക്കുന്നത് മോദി സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ്.
എന്തായാലും 2026 ജനുവരി 12ന് പിഎസ് എല്‍വി സി62 പരാജയപ്പെട്ട ശേഷം ഒരൊറ്റ പുതിയ വിക്ഷേപണവും ഐഎസ്ആര്‍ഒ നടത്തിയിട്ടില്ല. എല്ലാ വിക്ഷേപണങ്ങളും കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. മിക്കവാറും ശുദ്ധികലശത്തിന് ശേഷമേ അടുത്ത വിക്ഷേപണമുണ്ടാകൂ എന്ന് കരുതുന്നു. പക്ഷെ ഈ വമ്പനെ വീഴ്‌ത്തിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നതിനാല്‍ വളരെ സാവധാനത്തിലേ ആ ആക്ഷന്‍ ഉണ്ടാകൂ എന്നും വിലയിരുത്തപ്പെടുന്നു.