ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദ ശൃംഖലകള്‍ക്കെതിരായ നടപടി ശക്തമാക്കി സുരക്ഷാസേന. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ജമ്മു കശ്മീര്‍ പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് കശ്മീര്‍ (സിഐകെ) വിഭാഗം കശ്മീര്‍ താഴ്വരയിലെ അഞ്ച് ജില്ലകളില്‍ ഒരേസമയം വ്യാപക റെയ്ഡുകള്‍ നടത്തി. ഇന്നലെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടന്നത്.
ഭീകരസംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ വീടുകളും മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഓണ്‍ലൈന്‍ വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കല്‍, യുവാക്കളെ സ്വാധീനിക്കല്‍, ഭീകരവാദത്തെ മഹത്വവത്കരിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്.
റെയ്ഡിനിടെ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. ഇതിലൂടെ ഭീകരവാദ റിക്രൂട്ട്‌മെന്റിനും ഓണ്‍ലൈന്‍ റാഡിക്കലൈസേഷനും പിന്നിലുള്ള ശൃംഖല കണ്ടെത്തുകയാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം.
കശ്മീരിലെ ഭീകരവാദ ശൃംഖലകള്‍ക്കെതിരെ സുരക്ഷാ ഏജന്‍സികള്‍ ശക്തമായ നടപടി തുടരുന്നതിനിടെയാണ് പുതിയ റെയ്ഡുകള്‍. ഭീകരസംഘടനകളുടെ ആശയപ്രചാരണം, റിക്രൂട്ട്‌മെന്റ്, പ്രാദേശിക സഹായശൃംഖല എന്നിവ കണ്ടെത്തുന്നതിന് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ശക്തമാക്കുകയാണ്.












