പത്തനംതിട്ട: വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളില്‍ പരസ്യം നല്‍കി വനിതകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാര്‍ (40) നെയാണ് പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്.
പത്തനംതിട്ട സ്വദേശിയായ യുവാവ് നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ വച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. തുടര്‍ന്ന് വൈവാഹിക സൈറ്റുകളില്‍ പരസ്യം നല്‍കി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുന്നതാണ് രീതി.
മൊബൈല്‍ നമ്പറുകള്‍, സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ കണ്ടെത്തിയത്.മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യങ്ങള്‍ക്ക് നേരത്തേ അന്‍സാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















