കണ്ണൂര്‍: നേതാവിന്റെ പിന്തുണ തനിക്ക് വേണ്ട, എന്നാല്‍ പിന്നില്‍ നിന്ന് കുത്തരുതെന്ന് സി പി എം നേതാവ് എം വി ജയരാജനോട് കുപ്രസിദ്ധ ഗുണ്ട അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന് പറഞ്ഞ എം വി ജയരാജന് ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് ഇങ്ങനെ പറയുന്നത്.
അര്‍ജുനെ വെടിവച്ച് കൊന്നാല്‍ സന്തോഷമേയുള്ളൂ എന്ന തരത്തില്‍ ജയരാജന്‍ പ്രതികരണം നടത്തി എന്ന് പറഞ്ഞുകൊണ്ടാണ് ജയരാജനെ അഭിസംബോധന ചെയ്തുള്ള പോസ്റ്റ്. താന്‍ പാര്‍ട്ടിയ്‌ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിവരിച്ച് വൈകാരികമായാണ് ജയരാജന് അര്‍ജുന്‍ ആയങ്കിയുടെ മറുപടി.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
മറ്റെല്ലാവര്‍ക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട്. അര്‍ജ്ജുന്‍ ആയങ്കി ശത്രുക്കളെക്കാള്‍ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാല്‍ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജന്‍ സഖാവിനോടാണ്, എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ് തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്.!
ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്.
മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോണ്‍ഗ്രസ് ക്രിമിനലിന് പൊലീസിന്റെ അടികിട്ടിയപ്പോള്‍ അയാളെ വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.., പക്ഷേ
പിന്തുണ വേണ്ട.. പിന്നില്‍ നിന്ന് കുത്തരുത്…
















