അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡത്തില്‍ പാതാളഹോമം മുടങ്ങിയതിനെത്തുടര്‍ന്ന് വിവശനായ രാവണനു മുന്നില്‍ പത്നിയായ മണ്ഡോദരി നടത്തുന്ന ധര്‍മ്മോപദേശം, രാമകഥയിലെ ഏറ്റവും സാരവത്തായ ആത്മീയസന്ദേശങ്ങളിലൊന്നാണ്. അഹങ്കാരവും അധര്‍മ്മവും കൊണ്ട് കണ്ണ് കാണാതായ ഒരു ഭരണാധികാരി സ്വന്തം അന്തഃപുരത്തില്‍നിന്നുതന്നെ തിരിച്ചറിവിന്റെയും ധര്‍മ്മബോധത്തിന്റെയും ശബ്ദം കേള്‍ക്കുകയായിരുന്നു അവിടെ. കേവലം ഒരു പത്നിയുടെ വിലാപമല്ല, മറിച്ച് സാക്ഷാല്‍ പരമാത്മാവിന്റെ മാഹാത്മ്യത്തെയും വിധിയുടെ ഒഴിവാക്കാനാവാത്ത നിയമങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന ഒരു മഹദ്വചനമാണ് മണ്ഡോദരി അവിടെ രാവണന് പകര്‍ന്നു നല്‍കുന്നത്.
ശ്രീരാമന്‍ കേവലം ഒരു സാധാരണ മര്‍ത്യനല്ലെന്നും ലോകപരിപാലനത്തിനായി അവതരിച്ച സാക്ഷാല്‍ നാരായണന്‍ തന്നെയാണെന്നും രാവണനെ ഓര്‍മ്മിപ്പിക്കുന്ന മണ്ഡോദരി, ഭഗവാന്റെ മല്‍സ്യ-കൂര്‍മ്മ-വരാഹാദി ദശാവതാര മഹിമകളെ എണ്ണിപ്പറയുന്നു:
‘രാഘവനെജ്ജയിപ്പാനരുതാര്‍ക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
സാക്ഷാല്‍ പ്രധാനപുരുഷോത്തമനായ
മോക്ഷദന്‍ നാരായണന്‍ രാമനായതും
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനു തന്നെ രക്ഷിച്ചതും
രാജീവലോചനന്‍ മുന്നമൊരു ലക്ഷ-
യോജന വിസ്തൃതമായൊരു കൂര്‍മ്മമായ്
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമാം മന്ഥരം പൃഷ്ഠേ ധരിച്ചതും
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേല്‍ വച്ചു പൊങ്ങിച്ചതും
ഘോരനായോരു ഹിരണ്യകശിപുതന്‍
മാറിടം കൈനഖം കൊണ്ടു പിളര്‍ന്നതും
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും
ക്ഷത്രിയരായ് പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതന്‍
പുത്രനായ് രാമനാമത്തെ ധരിച്ചതും’
സ്വന്തം അവിവേകവും മൂഢതയും കൊണ്ട് കുലത്തിന് വരുത്തിവെച്ച വിപത്തിനെക്കുറിച്ചും മണ്ഡോദരി രാവണനോട് തുറന്നടിക്കുന്നുണ്ട്:
‘പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിര്‍ല്ലജ്ജനാകയാല്‍ മൂഢ! ജളപ്രഭോ!
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്‌ക്കൊണ്ടുരാജ്യവും നല്‍കുക
രാമന്‍ കരുണാകരന്‍ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്’
സ്വന്തം തെറ്റ് മനസ്സിലാക്കി സീതയെ ശ്രീരാമന് തിരിച്ചുകൊടുക്കാനും, വിഭീഷണനെ രാജ്യഭാരം ഏല്‍പിച്ച് ആത്മാഭിമാനവും ഹുങ്കും മാറ്റിവെച്ച് കാട്ടിലേക്ക് തപസ്സിനായി പോകാനും അവള്‍ ഭര്‍ത്താവിനോട് ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു.
‘രാമന്‍ കരുണാകരന്‍ പുനരെത്രയും’ എന്ന് പറയുമ്പോള്‍ ഭഗവാന്റെ കാരുണ്യത്തില്‍ മണ്ഡോദരിക്കുള്ള ഉറച്ച വിശ്വാസമാണ് തെളിയുന്നത്.
അധികാരവും ധനവും അഹങ്കാരവും കൊണ്ട് അധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ‘അഭിനവ രാവണന്മാര്‍’ പെരുകുന്ന ഇന്നത്തെ ലോകത്ത് ഈ വരികള്‍ക്ക് പ്രസക്തിയേറുകയാണ്. കാമത്തിനും ക്രോധത്തിനും അടിമപ്പെട്ട് മറ്റുള്ളവരുടെ അവകാശങ്ങളെയും സ്ത്രീത്വത്തെയും ചവിട്ടിമെതിക്കാന്‍ മടിക്കാത്ത മനുഷ്യര്‍ വാഴുന്ന സമൂഹത്തില്‍, മണ്ഡോദരിമാര്‍ വീടുകളിലും സമൂഹത്തിലും നല്‍കുന്ന ഉപദേശങ്ങള്‍ അതിരറ്റ പ്രാധാന്യമര്‍ഹിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ തകര്‍ച്ചയിലേക്ക് പോകാതിരിക്കാന്‍, അധര്‍മ്മത്തിന്റെ വഴി ഉപേക്ഷിച്ച് സത്യത്തിലേക്ക് മടങ്ങാന്‍ ഇന്നും എത്രയോ സ്ത്രീരത്നങ്ങള്‍ പാടുപെടുന്നുണ്ട്. എന്നാല്‍ രാവണനെപ്പോലെ അഹങ്കാരം കൊണ്ട് ആ നല്ല വാക്കുകള്‍ തള്ളിപ്പറയുന്നവര്‍ ആത്യന്തികമായി നാശത്തിലേക്കാണ് കൂപ്പുകുത്തുന്നത്.
ഹോമങ്ങളും മന്ത്രങ്ങളും ചടങ്ങുകളും കൊണ്ടൊന്നും അധര്‍മ്മത്തെ സംരക്ഷിക്കാനാവില്ലെന്നും, ശരണാഗതിയും ധര്‍മ്മമാര്‍ഗ്ഗവും മാത്രമാണ് ഏക രക്ഷയെന്നുമുള്ള വലിയൊരു സത്യമാണ് മണ്ഡോദരി ഓര്‍മ്മിപ്പിക്കുന്നത്. അധര്‍മ്മത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേര്‍വഴി കാട്ടുന്ന പ്രകാശവും, അഹങ്കാരത്തിനു മേല്‍ ധര്‍മ്മത്തിന് ഉറപ്പുള്ള താക്കീതുമായി നില്‍ക്കുന്ന മണ്ഡോദരി എന്ന കഥാപാത്രത്തെയും ആ അമൃതവാക്കുകളെയും നാമൊരിക്കലും മറന്നുകൂടാ.
















