Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കുമളി: മുല്ലപ്പെരിയാർ അ‌ണക്കെട്ട് ഇന്ന് തുറക്കും. തമിഴ്നാട് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൃഷി, കുടിവെള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡാം തുറക്കുന്നത്. സാധാരണയായി ജൂൺ 1ന് ആണ് ഡാം തുറക്കാറുള്ളത് എങ്കിലും ഇത്തവണ മഴ മൂലം ഷട്ടർ ഉയർത്താൻ ​വൈകുകയായിരുന്നു. തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ ഷട്ടർ ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കും.

വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മുല്ലപ്പെരിയാറിലെ ആദ്യ മന്ത്രിതല സന്ദർശനമാണിത്. കഴിഞ്ഞ ദിവസം തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും എന്ന് പരാമർശിച്ചത് കേരളത്തിൽ വലിയ ആശങ്കയ്‌ക്കും എതിർപ്പുകൾക്കും വഴിവച്ചിരുന്നു.

തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണ് ഇന്ന് മുല്ലപ്പെരിയാർ ഷട്ടർ ഉയർത്തി വെള്ളം പുറത്തുവിടുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുക. കൃഷിക്ക് പുറമേ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി  വെള്ളം തുറന്നുവിടാനാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.