ന്യൂദല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ മഹാരാഷ്‌ട്ര, രാജസ്ഥാന്‍ മുതല്‍ കേരളം വരെ നീളുന്ന വമ്പന്‍ ശൃംഖലയെന്ന് സിബിഐ കുറ്റപത്രം. ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് സാമ്പത്തിക നേട്ടവും പ്രതികളില്‍ ചിലരുടെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസുകളുടെ വിജയ നിരക്ക് വര്‍ദ്ധിപ്പിക്കാനും. മഹാരാഷ്‌ട്രയില്‍ നിന്നു ചോര്‍ന്ന ചോദ്യ പേപ്പര്‍ കേരളത്തിലെത്തിയത് പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍. സിബിഐ ദല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച 94 പേജുള്ള കുറ്റപത്രത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) വിഷയ വിദഗ്ധരുള്‍പ്പെടെ 13 പ്രതികള്‍.
മഹാരാഷ്‌ട്ര സ്വദേശികളായ ബയോളജി വിദഗ്ധന്‍ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവരാണ് കുറ്റപത്രത്തിലെ എന്‍ടിഎ വിദഗ്ധര്‍. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട മൂന്നുപേരും ചോദ്യ പേപ്പറുകളുടെ വിവര്‍ത്തനത്തിനും പ്രൂഫ് റീഡിങ്ങിനുമിടെ ചെറിയ പേപ്പറുകളില്‍ എഴുതിയെടുത്തും മനപാഠമാക്കിയുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. പൂനെയിലെ സ്വന്തം വീടുകള്‍, ലാത്തൂരിലെ സിദ്ധിവു നായക് ആശുപത്രി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച രഹസ്യസെഷനുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും നല്കി. അതിനുശേഷം ടെലഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയും മഹാരാഷ്‌ട്ര, രാജസ്ഥാന്‍, കേരളമുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കോച്ചിങ് സെന്ററുകളിലേക്കും പരീക്ഷാര്‍ത്ഥികളിലേക്കും ചോദ്യങ്ങളെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളടക്കം ഉള്‍പ്പെടുന്ന വന്‍ ശൃംഖല വളരെ ആസൂത്രിതമായുള്ള ഇടപാടിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേരളത്തിലെ ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലാണെന്ന് സിബിഐ കണ്ടെത്തി. രാജസ്ഥാനിലെ സിക്കറിലുള്ള ആര്‍കെ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി കേന്ദ്രമായാണ് ഈ വിതരണ ശൃംഖല പ്രവര്‍ത്തിച്ചിരുന്നത്. കണ്‍സള്‍ട്ടന്‍സി ജീവനക്കാരന്‍ അഭിഷേക് സൈനിയില്‍ നിന്ന് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി സച്ചിന്‍ ധന്‍ഗറിലേക്ക് ചോദ്യങ്ങളെത്തി. അയാളുടെ ബന്ധുവും പത്തനംതിട്ട സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ലക്ഷയ് രാജ് വഴി വിറ്റു. ഹോസ്റ്റലിലെ റൂംമേറ്റ് ഹിതേഷ് കുമാര്‍, അലന്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലക്ഷയ് രാജിന്റെ സഹപാഠിയായിരുന്ന രജത് ചൗധരി എന്നിവര്‍ക്ക് ചോദ്യങ്ങള്‍ വിറ്റു. ഇളയ സഹോദരന്‍ ഋഷഭ് ചൗധരിക്കാണ് രജത് ചോദ്യം വാങ്ങിയത്. തെളിവുകള്‍ നശിപ്പിക്കാന്‍ ചോദ്യപേപ്പര്‍ കൈമാറിയതിന് ശേഷം ചാറ്റുകള്‍ ലക്ഷയ് രാജ് ഡിലീറ്റ് ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായി. ഈ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചോദ്യപേപ്പറുകള്‍ വന്‍വിലയ്‌ക്ക് വില്‍ക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ ചാറ്റുകളും ചോര്‍ന്ന ചോദ്യപേപ്പറുകളുമടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി യാഷ് യാദവിന്റെ ഫോണില്‍ നിന്ന് ടെലിഗ്രാം സംഭാഷണങ്ങള്‍, നീറ്റ് ചോദ്യങ്ങളുടെ പിഡിഎഫ് ഫയലുകള്‍, ഗൂഢാലോചനയ്‌ക്കായി ഉപയോഗിച്ച ‘നീറ്റ് 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് എന്നിവയുടെ വിവരങ്ങളുള്‍പ്പെടെ 455 രേഖകളും 360 സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
















