തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ ദേശീയ കൗണ്‍സിലില്‍ തിരുകിക്കയറ്റിയെന്ന കടുത്ത വിമര്‍ശനവുമായി സംസ്ഥാന നേതാക്കള്‍.
ജനറല്‍ സെക്രട്ടറി ഡി. രാജയുടെയും ആനി രാജയുടെയും മകള്‍ അപരാജിത രാജയെയാണ് സിപി ഐ ദേശീയ കൗണ്‍സിലില്‍ കാന്‍ഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തിയത്. ഇത്തരം സ്വജനപക്ഷപാതം അണികളില്‍ തെറ്റായ സന്‌ദേശം നല്‍കുമെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒട്ടേറെ മുതിര്‍ന്ന വനിതാ നേതാക്കളെ തഴഞ്ഞ് നേതാവിന്‌റെ മകളെന്ന പരിഗണനയിലാണ് അപരാജിതയ്‌ക്ക് അവസരം നല്‍കിയത്.
സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ആര്‍. ലതാദേവി, മുന്‍ മന്ത്രി ജെ. ചിഞ്ചുറാണി, പി. വസന്തം എന്നിവര്‍ ഇതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതായാണ് അറിയുന്നത്. എന്നാല്‍
ചണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒഴിച്ചിട്ട സ്ഥാനത്തേക്കാണ് ഈ നിയമനം നടത്തിയതെന്നും മഹിളാ ഫെഡറേഷന്റെ പ്രതിനിധിയാണ് അപരാജിതയെന്നുമാണ് കേന്ദ്ര നേതൃത്വം പറയുന്നത്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ദേശീയ കൗണ്‍സിലിനെ അറിയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
















