തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതിക്ക് പൂട്ടിട്ട് ബിവറേജസ് കോർപറേഷൻ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബെവ്‌കോ അറിയിച്ചു. പദ്ധതിക്കു കീഴില്‍ ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികള്‍ 20 വരെ ഉപഭോക്താക്കള്‍ക്കു തിരിച്ചേല്‍പ്പിക്കാം. അതിനുശേഷം ഒഴിഞ്ഞ മദ്യകുപ്പികള്‍ സ്വീകരിക്കുകയോ റീഫണ്ട് തുക നല്‍കുകയോ ചെയ്യില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് പ്രദര്‍ശിപ്പിക്കും.
പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുന്നതായി കുടുംശ്രീ, ശുചിത്വമിഷന്‍ വഴി നിയോഗിച്ചിട്ടുള്ള ജീവനക്കാരെ 20 നുശേഷം പിന്‍വലിക്കാന്‍ കുടുംബശ്രീ മിഷനും ശുചിത്വ മിഷനും റീജിയണല്‍ മാനേജര്‍മാര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കാനും നിര്‍ദേശിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2025 സെപ്റ്റംബര്‍ 10 മുതലാണ് തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറ വില്പനശാലകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും നേരിടുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ബെവ്‌കോ അറിയിച്ചു. മദ്യത്തിന്റെ എംആര്‍പിയേക്കാള്‍ 20 രൂപ അധികമായി വാങ്ങുന്നതിനെക്കുറിച്ച് ഉപയോക്താക്കള്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.













