Kerala

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

Published by
എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന പരിഷ്‌കാര നയം പ്രഖ്യാപിച്ചു. നാവികസേന, കരസേന, വായുസേന എന്നിവക്ക് പുറകേയാണ് തീരരക്ഷാ സേനയും വനിതകള്‍ക്കും തുല്യാവകാശം ഉറപ്പാക്കിയുള്ള നയം പ്രഖ്യാപിച്ചത്. സമുദ്ര സേവനത്തിനിടയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീരരക്ഷാസേനയിലെ ഉദ്യോഗസ്ഥന്‍ മരിച്ചതായി കണക്കാക്കി കുടുംബക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതടക്കമുള്ള നടപടികളുടെ ഭരണ പരിഷ്‌കാര നയവും പ്രഖ്യാപനത്തിലുണ്ട്.

തീരരക്ഷാ സേനയിലെ പരിശീലന കാലഘട്ടം മുതല്‍ തുല്യത ഉറപ്പാക്കണം. നിയമനം, സേവന സാഹചര്യങ്ങളടക്കമുള്ള ഘട്ടങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതാണ് നയം. ഹൃസ്വകാല നിയമനത്തിലും, നിലവിലുള്ള പിഎ, വനിതാ ഓഫീസര്‍മാരെയും ഉയര്‍ന്ന തസ്തിക സ്ഥാനക്കയറ്റത്തില്‍ പരിഗണിക്കണം. എസ്എസ്എ വനിതാ ഓഫീസര്‍മാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം ലഭിക്കും.

തീരരക്ഷാ സേനയില്‍ 1988 ലാണ് വനിതകള്‍ക്ക് സ്ഥിര നിയമനം ലഭിച്ചത്. 2009 ല്‍ ഹൃസ്വകാല നിയമനവും തുടങ്ങി. എന്നാല്‍ ഉദ്യോഗസ്ഥ നിയമനം, സ്ഥാനക്കയറ്റം എന്നിവയില്‍ സ്ത്രീകളെ പരിഗണിക്കാറില്ല. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് തീരരക്ഷാ സേനയില്‍ ലിംഗസമത്വം ഉറപ്പാക്കി പരിഷ്‌കരണ നയപ്രഖ്യാപനം നടത്തിയത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, ഭാരത കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണി എന്നിവര്‍ സന്നിഹിതരായി.

Recent Posts