ന്യൂദല്‍ഹി: പാഞ്ചജന്യം ഭാരതം ആറാമത് ശ്രീരാമസാഗരം രാമായണ ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ന്റെ സമാപന ആഘോഷ പരിപാടികള്‍ ആഗസ്ത് 16 ന് കണിച്ചുകുളങ്ങരയില്‍ നടക്കും. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെ 14 മണിക്കൂര്‍ സാംസ്‌കാരിക സംഗമമായി ചടങ്ങ് മാറും.
രാമായണ പാരായണ സമാപ്തിക്ക് ശേഷം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന സന്ദേശ സഭ നടക്കും. വിദ്വല്‍സദസില്‍ മൂന്ന് കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് അഞ്ചിന് മഹാഭവതിസേവയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത കലാകാരന്മാര്‍ ഒരുക്കുന്ന കലാപരിപാടികളും ഉണ്ടാവും.
ഇതുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന സംയുക്ത ഉന്നതതല യോഗത്തില്‍ പദ്മഭൂഷണ്‍ വെള്ളാപ്പള്ളി നടേശന്‍, പ്രീതി നടേശന്‍, ദേവസ്വം മാനേജര്‍ രാഘവന്‍ മുരുകന്‍, ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുകുമാര്‍, പാഞ്ചജന്യം ഭാരതം ദേശീയ ഉപാധ്യക്ഷന്‍ ആര്‍.ആര്‍. നായര്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ. അംബിക പണിക്കര്‍, സെക്രട്ടറി ബിജു പൊടികളം എന്നിവര്‍ സംബന്ധിച്ചു.











