
കൊച്ചി: നാളികേര കൃഷി വ്യാപനം ലക്ഷ്യമാക്കി നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന തെങ്ങിന്റെ പുതുകൃഷി പദ്ധതിയില്‍ ഗുണ ഭോക്താക്കള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഒരു തെങ്ങിന്‍തൈക്ക് ഏകദേശം 40 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ ഒരു തൈക്ക് 350 രൂപ വരെ സഹായം ലഭിക്കും.
അനുയോജ്യമായ കൃഷിയിടങ്ങളില്‍ തുറസായ സ്ഥലത്ത് ശാസ്ത്രീയമായി പുതിയ തെങ്ങിന്‍ തൈകള്‍ നട്ട്, കൃഷി വ്യാപിപ്പിക്കുതാണ് പദ്ധതി. ഒരു ഹെക്ടര്‍ (2.5 ഏക്കര്‍) സ്ഥലത്ത് പുതുകൃഷി നടത്തുന്നതിന് 56,000 രൂപ വരെ, (28,000 രൂപ വീതമുള്ള രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായി) സഹായം ലഭിക്കും. പരമാവധി രണ്ട് ഹെക്ടറിനുവരെ ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 20 സെന്റ് സ്ഥലത്ത് 10 തെങ്ങിന്‍ തൈകളെങ്കിലും പുതുതായി നടുന്നവര്‍ക്കും ആനുപാതികമായി ഈ ധനസഹായം ലഭിക്കും. എന്നാല്‍ നിലവിലുള്ള തോട്ടങ്ങളില്‍ അടി തൈ നടുന്നതിന് ഈ ആനുകൂല്യം ബാധകമല്ല.
തൈകള്‍ നട്ടതിനുശേഷം നിര്‍ദിഷ്ട അപേക്ഷാ ഫോറത്തില്‍ അതാത് കൃഷിഭവന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. 25 സെന്റ് സ്ഥലത്ത് 10,000 വിത്തുതേങ്ങകള്‍ പാകി 6250 തൈകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ നഴ്സറികള്‍ക്ക് ആകെ ചെലവിന്റെ 50 ശതമാനം, (പരമാവധി 2,81,250 രൂപ വരെ) ധനസഹായം ലഭിക്കും. പരമാവധി ഒരു ഏക്കറില്‍ 25,000 തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും ധനസഹായം അനുവദിക്കും. ഒരു തൈയ്‌ക്ക് 45 രൂപ വീതമാണ് സഹായം ലഭിക്കുക.
പദ്ധതികളുടെ വിശദവിവരങ്ങളും നിര്‍ദിഷ്ട അപേക്ഷാ ഫോറങ്ങളും നാളികേര വികസന ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ഡെവലപ്മെന്റ് സെക്ഷനുമായി ബന്ധപ്പെടാം. 0484 23777266 / 0484 23777267.