കൊച്ചി: കല്ലുമ്മക്കായയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ജലത്തില്‍ ലയിക്കാത്ത സംയുക്തങ്ങളുടെ കാന്‍സര്‍ പ്രതിരോധശേഷി വിലയിരുത്തുന്നതിനുള്ള പുതിയ പരിശോധനാരീതി വികസിപ്പിച്ചതിന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ത്യന്‍ പേറ്റന്റ് (ഐഎന്‍ 585837) ലഭിച്ചു. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിന്റെ (ഐയുസിഐപിആര്‍എസ്) ഐപിആര്‍ ഫെസിലിറ്റേഷന്‍ സെല്ലിന്റെ പിന്തുണയോടെയാണ് പേറ്റന്റ് നേടിയത്.
കുസാറ്റ് കെമിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പിലെ മുന്‍ പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ഗവേഷക ദിവ്യ കെ.ആര്‍., ബയോടെക്‌നോളജി വകുപ്പിലെ ഗവേഷക സായ്‌പ്രിയ ടി.പി. എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ഈ പേറ്റന്റ്.
കല്ലുമ്മക്കായയില്‍ നിന്ന് ലഭിക്കുന്ന ജലത്തില്‍ ലയി ക്കാത്ത (നോണ്‍- പോളാര്‍) സംയുക്തങ്ങളുടെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമായി വിലയിരുത്താന്‍ സഹായിക്കുന്ന നൂതന രീതിയായാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കുന്നത്. പരമ്പരാഗത എംടിടി അസേയില്‍ നോണ്‍- പോളാര്‍ സോള്‍വന്റ് ഉള്‍പ്പെടുത്തുന്നതിലൂടെ സാധാരണ രീതികളില്‍ പരിശോധിക്കാന്‍ കഴിയാത്ത ജൈവ സജീവമായ സംയുക്തങ്ങളെ ഫലപ്രദമായി വിലയിരുത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. പരമ്പരാഗത പരിശോധനാരീതികളിലൂടെ സ്‌ക്രീന്‍ ചെയ്യാന്‍ കഴിയാത്ത പുതിയ കാന്‍സര്‍ പ്രതിരോധ സംയുക്തങ്ങള്‍ കണ്ടെത്തുന്നതിനും പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന സജീവ ഘടകങ്ങളുടെ പ്രാഥമിക പരിശോധന വേഗത്തിലാക്കുന്നതിനും ഈ പേറ്റന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്പെടും. വിവിധ തരത്തിലുള്ള കാന്‍സറുകള്‍ക്കെതിരായ പുതിയ ചികിത്സാരീതികളുടെ വികസനത്തിനും ഇത് വഴിയൊരുക്കും.











