
ന്യൂദല്‍ഹി: പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം രാജ്യത്ത് സൗരോര്‍ജ്ജമുപയോഗിക്കുന്ന കുടുംബങ്ങള്‍ 50.06 ലക്ഷം പിന്നിട്ടു, കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു. ഓരോ ആറ് ദിവസവും ഒരുലക്ഷം കുടുംബങ്ങള്‍ പദ്ധതിയുപയോക്താക്കളാകുന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന ശുദ്ധ ഊര്‍ജ്ജ പരിപാടികളിളൊന്നാണ് സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന, അദ്ദേഹം പറഞ്ഞു.
ഒന്‍പത് മാസത്തിനിടെ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ വേഗം 3.2 മടങ്ങ് വര്‍ധിച്ചു, 2025 ഒക്ടോബറില്‍ ദിവസം 5038 സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ നിന്ന് 2026 ജൂലൈയില്‍ പ്രതിദിനം ഏകദേശം 16,328 സോളാര്‍ പാനലുകളിലേക്ക് ഉയര്‍ന്നു. ജൂലൈയില്‍ മാത്രം 5.06 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനമുണ്ടായി. പദ്ധതിയാരംഭിച്ച ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിമാസ കണക്കാണിത്.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ 28,024 കോടി രൂപ സബ്സിഡി ഗുണഭോക്താക്കള്‍ക്കു നല്‍കി. ഏകദേശം 19 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്‍ പൂജ്യമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മിച്ച വൈദ്യുതി വില്‍പ്പനയിലൂടെ 12 ലക്ഷത്തിലധികം കുടുംബങ്ങള്‍ 421 കോടി രൂപ സമ്പാദിച്ചു. 25,000ലധികം കേന്ദ്ര സര്‍ക്കാര്‍ കെട്ടിടങ്ങളും 81,000ലധികം സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങളും റൂഫ്‌ടോപ്പ് സോളാര്‍ സംവിധാനം വഴി പ്രവര്‍ത്തിക്കുന്നതായി മന്ത്രി പറഞ്ഞു.