ലക്നൗ : കൻവാരിയ തീർത്ഥാടകർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന ഇടത് – ഇസ്ലാമിസ്റ്റ് സംഘത്തിന്റെ വ്യാജപ്രചാരണം പൊളിച്ച് മീററ്റ് പോലീസ് . കൻവാരിയ തീർത്ഥാടകർ തമ്മിലുള്ള വാക്കുതർക്കത്തിൽ പൊലീസ് ഇടപെട്ടിരുന്നു. ഈ വീഡിയോയാണ് കൻവാരിയ തീർത്ഥാടകർക്കെതിരെയുള്ള ആയുധമായി ഇടത് – ഇസ്ലാമിസ്റ്റ് സംഘം മാറ്റിയത്.
“ഉത്തർപ്രദേശിലെ ക്രമസമാധാനനില നോക്കൂ. മീററ്റിലെ ദൗരലയിൽ, മോട്ടോർ സൈക്കിൾ യാത്രക്കാരനുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന്, സ്ഥലത്തെത്തിയ സാധാരണ വസ്ത്രധാരികളായ പോലീസ് ഉദ്യോഗസ്ഥരെ കൻവാരിയകൾ ജീപ്പിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു” എന്നാണ് ‘മുസ്ലിം വോയ്‌സ് സെൽ’ വീഡിയോ പങ്ക് വച്ച് ട്വീറ്റ് ചെയ്തത്.
മാധ്യമപ്രവർത്തകൻ പിയൂഷ് റായി , മുഹമ്മദ് സുബൈർ എന്നിവരും വീഡിയോ പങ്ക് വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വ്യാജപ്രചാരണങ്ങളെല്ലാം പൊളിച്ചാണ് മീററ്റ് പൊലീസ് സത്യാവസ്ഥ പുറത്ത് വിട്ടത്.
കൻവാരിയകൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും അവരുടെ യൂണിഫോം വലിച്ചുകീറിയതായും അവകാശപ്പെടുന്ന വീഡിയോ പൂർണ്ണമായും തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 3 ന് കൻവാരിയകളുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ രണ്ട് ഗ്രൂപ്പുകൾ ചേർന്ന് പരസ്പരം വാക്ക് തർക്കമൂണ്ടായി .
പിന്നാലെ ദൗരല പോലീസ് സ്റ്റേഷൻ സംഘം സ്ഥലത്തെത്തി. ഇരു കൂട്ടരെയും വാഹനത്തിനുള്ളിൽ കയറ്റി വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയതായും നിലവിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ വസ്തുതകൾ പരിശോധിക്കാതെ സനാതനവിരുദ്ധ സംഘം കൻവാരിയകൾ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചുവെന്ന് വ്യാജപ്രചാരണം നടത്തുകയായിരുന്നു. ചില മാധ്യമങ്ങളാകട്ടെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി നൽകുകയും ചെയ്തു. അതേസമയം വ്യാജവീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് യുപി പൊലീസ് .
















