
ന്യൂദല്‍ഹി: ഭീകരവാദ കേസിലെ ജീവപര്യന്തം തടവുശിക്ഷക്കെതിരെ കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബി സമര്‍പ്പിച്ച അപ്പീലില്‍ ദല്‍ഹി ഹൈക്കോടതി എന്‍ഐഎയുടെ പ്രതികരണം തേടി. ഒക്ടോബറില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും. ഭീകരവാദ ഗൂഢാലോചന, ഇന്ത്യയ്‌ക്കെതിരായ യുദ്ധം, നിരോധിത സംഘടനയില്‍ അംഗത്വം എന്നീ കുറ്റങ്ങള്‍ക്ക് 2026 മാര്‍ച്ച് 24-ന് കര്‍ക്കാര്‍ഡൂമ കോടതി ആസിയയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
കൂട്ടാളികളായ സോഫി ഫെഹ്‌മീദ, നഹിദ നസ്രീന്‍ എന്നിവര്‍ക്ക് 30 വര്‍ഷം തടവായിരുന്നു ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രമായുള്ള, നിരോധത സംഘടനയായ ദുഖ്തരന്‍-ഇ-മില്ലത്തിന്റെ മേധാവിയായിരുന്നു ആസിയ ആന്‍ഡ്രാബി, സോഫി ഫെഹ്‌മീദ പ്രസ് സെക്രട്ടറിയയും നഹിദ നസ്രീന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ദല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയത്.