
ഘോരവനത്തിലെ താമരപ്പൊയ്‌കയ്‌ക്കരികില്‍ വിശ്രമിക്കുകയായിരുന്ന ശ്രീരാമചന്ദ്രനോടേറ്റ വിരാധന് രാമബാണത്താല്‍ ശാപമുക്തിയാകുന്നു. വിദ്യാധര
നായിരുന്ന അയാള്‍ ദുര്‍വാസാവിന്റെ ശാപത്താലാണ് ഘോരരാക്ഷസനായത്.
ഒരാള്‍ പാപമുക്തനാകുമ്പോള്‍ മറ്റൊരാള്‍ ആര്‍ജിച്ച പുണ്യമത്രയും രാമനില്‍ ലയിപ്പിച്ച് മോക്ഷം നേടാനുള്ള കാത്തിരിപ്പിലാണ്; ശരഭംഗ മഹര്‍ഷി.
രാമസീതാദികള്‍ നോക്കിയിരിക്കെ സ്വയം ദേഹം ദഹിപ്പിച്ച് സ്വര്‍ലോകം പൂകുകയാണ് ആ പുണ്യാത്മാവ്. അപ്പോള്‍ ആകാശത്ത് വിമാനങ്ങള്‍ നിരന്നുള്ള പുഷ്പവൃഷ്ടി.
ദേവന്റെ വരവറിഞ്ഞ് മുനികുലത്തിനാകെ ആഹ്ലാദം. തലയോട്ടികളും അസ്ഥികളും കുന്നുകൂടിയ ദേശത്തെ രാക്ഷസപ്പടയെ ഇല്ലാതാക്കുമെന്ന് രാമന്റെ ശപഥം.
ഭഗവാനെ കാണാനായത് തപസ്സിന്റെ ബലത്താലാണെന്ന് അഗസ്ത്യശിഷ്യന്‍ സുതീക്ഷ്ണന് അറിയാം.
പുഷ്പ, ലത, ഫല സമൃദ്ധമായ സുന്ദരപ്രദേശത്തുകൂടിയാണ് സുതീക്ഷ്ണനൊപ്പം അഗസ്ത്യന്നരികിലേക്കുള്ള യാത്ര. അഗസ്ത്യദര്‍ശനത്തില്‍ രാമചന്ദ്രാദികള്‍ ദണ്ഡനമസ്‌കാരം ചെയ്യുകയാണ്.
ഗൗതമീതീരത്തെ പഞ്ചവടി എന്ന പുണ്യഭൂമിയാണ് അഗസ്ത്യന്‍ അവര്‍ക്കു വസിക്കാന്‍ കാട്ടിക്കൊടുക്കുന്നത്.