മുംബയ്: ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ ബോര്‍ഡ് യോഗത്തിലെ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ.ചന്ദ്രശേഖരനെ വീണ്ടും ചെയര്‍മാനായി നിയമിക്കുന്നതിന് 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സണ്‍സ് ബോര്‍ഡ് വോട്ട് ചെയ്തത്.എന്നാല്‍ ഈ വോട്ടെടുപ്പ് പൂര്‍ണമായും നിയമവിരുദ്ധനാണെന്ന് ടാറ്റാ ട്രസ്റ്റ് അധ്യക്ഷന്‍ നോയല്‍ ടാറ്റ ആരോപിച്ചു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വം സംബന്ധിച്ച തര്‍ക്കം വീണ്ടും രൂക്ഷമായി.
ചന്ദ്രശേഖരന്റെ നിയമനത്തെ താന്‍ ബോര്‍ഡ് യോഗത്തില്‍ എതിര്‍ത്തു. തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും നോയല്‍ ടാറ്റ പറഞ്ഞു. ഒരു നിയമോപദേശം പരിഗണിച്ചാണ് തന്റെ ‘വീറ്റോ’ അധികാരം തെറ്റായ രീതിയില്‍ മറികടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടാറ്റാ സണ്‍സ് നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഡയറക്ടര്‍മാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരമൊരു തീരുമാനത്തിന് ആവശ്യമുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ സമനിലയോ തടസമോ ഉണ്ടായാല്‍ ചെയര്‍മാന് നിര്‍ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശം കണക്കിലെടുത്താണ് മാനേജ്മെന്റ് തീരുമാനവുമായി മുന്നോട്ടുപോയത്.
വരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എന്‍ ചന്ദ്രശേഖരനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ടാറ്റാ ട്രസ്റ്റ് ശ്രമിക്കുമെന്നാണ് സൂചന. ഡയറക്ടര്‍ പദവി ഇല്ലാതായാല്‍ അദ്ദേഹത്തിന് ചെയര്‍മാനായി തുടരാനാവില്ല. 2027 ഫെബ്രുവരിയില്‍ കാലാവധി അവസാനിക്കുന്നതോടെ താന്‍ സ്ഥാനമൊഴിയുമെന്ന് ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷന്‍ കമ്മിറ്റിക്കുള്ള നടപടികള്‍ ആരംഭിച്ചിരിക്കെയാണ് ബോര്‍ഡ് യോഗത്തിലെ പുതിയ തീരുമാനം.















