Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി വാദ്ര,

ആശയങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയും, വിയോജിപ്പുകള്‍ മാന്യതയോടെ പ്രകടിപ്പിക്കുകയും, വ്യക്തികളെ അവരുടെ വാദങ്ങളുടെ കരുത്തുറ്റ അടിത്തറയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്യുന്ന വേദിയായിരിക്കണം ഭാരതത്തിന്റെ പാര്‍ലമെന്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറിച്ച്, വ്യക്തികളെ അധിക്ഷേപിക്കുന്ന ഇടമാകരുത്.

ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടിയെ ‘ഗോമൂത്ര വിദഗ്ധന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് താങ്കള്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവനയിലുള്ള ഞങ്ങളുടെ നിരാശ പ്രകടിപ്പിച്ചുകൊണ്ടാണ് ഇത് എഴുതുന്നത്. അത് പരിഹാസ രൂപേണയോ രാഷ്‌ട്രീയ പ്രസംഗത്തിന്റെ ഭാഗമായോ പറഞ്ഞതാണെങ്കില്‍പ്പോലും, ഇത്തരമൊരു വിശേഷണം ഒരു വ്യക്തിക്കും അപ്പുറത്തേക്ക് നീളുന്ന വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ഭാരതത്തിലെ മുന്‍നിര ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലൊന്നിന്റെ തലവനാണ് പ്രൊഫ. കാമകോടി. ഐഐടി മദ്രാസില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ എംഎസ്, പിഎച്ച്ഡി ബിരുദങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം, 150-ലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും 50-ലധികം ഗവേഷണ-വികസന പദ്ധതികളില്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. ഡിആര്‍ഡിഒ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ്, ഇന്ത്യന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെമികണ്ടക്ടര്‍ അസോസിയേഷന്‍ ടെക്നോ വിഷനറി അവാര്‍ഡ് എന്നിവയുള്‍പ്പെടെ ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ നിലവാരത്തിലുള്ള മൈക്രോ പ്രൊസസ്സറിന് പിന്നിലെ പ്രധാന വഴികാട്ടിയുമായിരുന്നു. രാജ്യത്തെ മുന്‍നിര സാങ്കേതിക വിദഗ്ധരില്‍ ഒരാളുമാണ്.

ഏതൊരു അക്കാദമിക് വിദഗ്ധനെയും പോലെ, അനുമാനങ്ങള്‍ അവതരിപ്പിക്കാനും പരമ്പരാഗത അറിവുകളെക്കുറിച്ച് സംസാരിക്കാനും ശാസ്ത്രീയ സംവാദങ്ങളില്‍ പങ്കാളിയാകാനും അദ്ദേഹത്തിനും അവകാശമുണ്ട്. ഏതൊരു പണ്ഡിതനെയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കി വിലയിരുത്തുന്നതിനു പകരം, കേവലം ഒരു ലേബല്‍ ചാര്‍ത്തി തള്ളിക്കളയുന്നത് നമ്മുടെ ഭരണഘടന ഓരോ പൗരനോടും വളര്‍ത്തിയെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ശാസ്ത്രീയ മനോഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഇടയാക്കും. അപരിചിതമോ പരമ്പരാഗതമല്ലാത്തതോ ആയ ആശയങ്ങളോടുള്ള അവിശ്വാസം മാത്രമല്ല ശാസ്ത്രീയ മനോഭാവം. ആശയങ്ങള്‍ സ്വീകരിക്കുന്നതിനോ നിഷേധിക്കുന്നതിനോ മുമ്പ് അവയെ നിഷ്പക്ഷമായി പരിശോധിക്കാനുള്ള സന്നദ്ധത കൂടിയാണത്. ഒരുകാലത്ത് അസംഭവ്യമെന്ന് കരുതിയിരുന്ന പല ആശയങ്ങള്‍ക്കും പില്‍ക്കാലത്ത് ശാസ്ത്രീയ സാധൂകരണം ലഭിച്ചിട്ടുണ്ടെന്നും, അനേകം ആളുകള്‍ ശരിയാണെന്ന് വിശ്വസിച്ചിരുന്ന പല ധാരണകളും പിന്നീട് തള്ളിക്കളയപ്പെട്ടിട്ടുണ്ടെന്നും ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ ഭാരതത്തിലെ അക്കാദമിക്-ഗവേഷണ സമൂഹത്തിന് നല്‍കുന്ന സന്ദേശവും ഒരുപോലെ ആശങ്കാജനകമാണ്. നമ്മുടെ ശാസ്ത്രജ്ഞരും പണ്ഡിതരും അദ്ധ്യാപകരും പരിഹാസങ്ങള്‍ക്ക് ഇരയാകുമെന്ന ഭയമില്ലാതെ പൊതുചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന ഉറപ്പ് അര്‍ഹിക്കുന്നുണ്ട്. അവരുടെ വാദങ്ങളെ വിമര്‍ശിക്കാനും തെളിവുകളെ ചോദ്യം ചെയ്യാനും ഉന്നത നിലവാരത്തിലുള്ള തെളിവുകള്‍ ആവശ്യപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. എന്നാല്‍, അവരുടെ പാണ്ഡിത്യത്തെയും ഗവേഷണത്തെയും അപ്പാടെ നിസ്സാരവത്കരിക്കരുത്.

ജനാധിപത്യത്തില്‍ വിയോജിപ്പ് അത്യാവശ്യമാണ്. പക്ഷെ, പരിഹാസം എന്നത് യുക്തിസഹമായ ഇടപെടലിന് പകരമാവില്ല. ജനപ്രതിനിധികള്‍ക്ക് ദേശീയ ചര്‍ച്ചകളുടെ നിലവാരത്തിന്മേല്‍ വലിയ സ്വാധീനമുണ്ട്. സങ്കീര്‍ണ്ണമായ ശാസ്ത്രീയ വിഷയങ്ങള്‍ രാഷ്‌ട്രീയ പരിഹാസങ്ങള്‍ക്ക് ഇരയാകുമ്പോള്‍, ആശയപൂര്‍ണവും പ്രബുദ്ധവുമായ ചര്‍ച്ചയ്‌ക്കുള്ള അവസരമാണ് സമൂഹത്തിന് നഷ്ടപ്പെടുന്നത്.

ഭാവിയിലെ ചര്‍ച്ചകള്‍, പ്രത്യേകിച്ച് പാര്‍ലമെന്റിനുള്ളിലെ ചര്‍ച്ചകള്‍, ഈ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ജനാധിപത്യം അതെങ്കിലും അര്‍ഹിക്കുന്നുണ്ട്.

കോര്‍ഡിനേറ്റര്‍മാര്‍:
പ്രൊഫ.ജി.ഡി. യാദവ്
(മുന്‍ വൈസ് ചാന്‍സലര്‍, ഐസിടി മുംബൈ)

പ്രൊഫ. പങ്കജ് മിത്തല്‍
(സെക്രട്ടറി ജനറല്‍, അസോസിയേഷന്‍
ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ്)

Recent Posts