ആദ്യം കടല്‍ മരിച്ചു. ഒപ്പം പ്രകൃതിയും മരിച്ചു. പിന്നെ കടല്‍ ജനിച്ചു. അപ്പോള്‍ പ്രകൃതിയും ജീവിച്ചു. ആദ്യം മരിക്കുകയും പിന്നെ പുനര്‍ജന്മമെടുക്കുകയും ചെയ്ത ആ കടലിന്റെ പേരാണ് അറാള്‍. മധ്യേഷ്യയില്‍ ഏതാണ്ട് 6800 ചതുരശ്ര മൈല്‍ വിസ്തീര്‍ണത്തില്‍ പരന്നു കിടന്ന മഹാജാല സഞ്ചയം.
ഒരിക്കല്‍ കപ്പലുകളും മത്സ്യബന്ധന നൗകകളും പറന്നു നടന്ന കടല്‍. മത്സ്യത്തൊഴിലാളികളുടെ സ്വര്‍ഗം. മത്സ്യവ്യവസായത്തിന്റെ ഈറ്റില്ലം. വിനോദ സഞ്ചാരത്തിന്റെ കേദാരം. പ്രകൃതിയുടെ കളിയിടം… പക്ഷേ ഭരണാധികാരികള്‍ എടുത്ത വിവരം കെട്ട തീരുമാനം കടലിനെ കൊന്നു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ തടാകം കൃത്യം 40 വര്‍ഷം കൊണ്ട് വറ്റിവരണ്ടു. അറാള്‍ കടല്‍ ‘അറാള്‍കും’ മരുഭൂമിയായി അറിയപ്പെട്ടു.
തുരുമ്പിച്ച കപ്പലുകള്‍ അവിടവിടെ നോക്കുകുത്തികളായി നിന്നു. ഉഷ്ണം വിതറുന്ന കൊടുങ്കാറ്റ് അതിനുമേലെ ആഞ്ഞടിച്ചു. കടല്‍ത്തട്ടില്‍ അടിഞ്ഞുകിടന്ന ഉപ്പും കീടനാശിനിയും എയ്‌റോ സോളുകളും കൊടുങ്കാറ്റില്‍ നാടെങ്ങും പരന്നു. അവ ഗര്‍ഭഛിദ്രം മുതല്‍ കാന്‍സര്‍ വരെ മധ്യേഷ്യയില്‍ വിതരണം ചെയ്തു. കാലാവസ്ഥ പാടെ തകര്‍ന്നു. പക്ഷികളും ചെറുമൃഗങ്ങളും മനുഷ്യനൊപ്പം മറുനാടുകളിലേക്ക് രക്ഷതേടി സ്ഥലം വിട്ടു. കൊടുംചൂടില്‍ കടലോരത്തെ കാടുകളും കൃഷികളും ഉണങ്ങിവരണ്ടു.
സ്ഥലം സന്ദര്‍ശിച്ച ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അതിനെ വിലയിരുത്തിയതിങ്ങനെ: ഭൂഗോളത്തില്‍ സംഭവിച്ച ഏറ്റവും ഭീകരമായ പരിസ്ഥിതി ദുരന്തം! പ്രകൃതിയിലെ ഈ ദുരന്തം ഒരു കറുത്ത പാടായി ശേഷിക്കുമെന്നും ഒരിക്കലും കടലിനൊരു മടങ്ങിവരവുണ്ടാവില്ലെന്നും ശാസ്ത്രജ്ഞര്‍ തീര്‍ച്ചപ്പെടുത്തി. പക്ഷേ പ്രകൃതിക്ക് ജീവന്‍ നല്‍കാനും ഒരുപിടി ആളുകളുണ്ടായിരുന്നു. അവര്‍ക്കൊപ്പം നില്‍ക്കാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരും.
പണ്ട് സോവിയറ്റ് യൂണിയന്‍ ഒരൊറ്റ രാജ്യമായി മധ്യേഷ്യയാകെ ഭരിച്ച കാലം. അന്ന് അറാള്‍ വലിയൊരു ജലസഞ്ചയമായിരുന്നു. ആയിരത്താണ്ടുകളായി ആ തടാകത്തിന് ജലമെത്തിച്ചത് രണ്ട് മഹാനദികള്‍. സോവിയറ്റ് യൂണിയനിലെ വരണ്ടുകിടന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ പരുത്തി കൃഷി ചെയ്യണമെന്ന് അന്നൊരു രാഷ്‌ട്രീയ തീരുമാനം വന്നു. അതിന് നേതാക്കള്‍ കണ്ടെത്തിയത്. സിര്‍ദാരിയയും അമുഭാരിയയും ഒഴുക്കിയ ജലം. അവര്‍ നദികളില്‍ തലങ്ങും വിലങ്ങും അണ കെട്ടിയുയര്‍ത്തി. ഒരു തുള്ളിവെള്ളം പോലും അറാളിലേക്ക് ‘കളയാതെ’ അവര്‍ പരുത്തിത്തോട്ടങ്ങളിലേക്ക് ഒഴുക്കി. വരണ്ടമണ്ണില്‍ ആഴത്തില്‍ വെട്ടിയ കനാലുകളില്‍ ഒഴുകിയ വെള്ളത്തിന്റെ പകുതിയും മണ്ണില്‍ വലിഞ്ഞും ചൂടില്‍ മറഞ്ഞും നഷ്ടമായെന്നത് മറ്റൊരു കാര്യം. പരുത്തികൃഷി വികസിച്ചതിനൊപ്പം കടല്‍ ചുരുങ്ങി ചുരുങ്ങിവന്നു-ആദ്യം പല കഷണങ്ങളായും പിന്നെ വെറും ചെളിക്കുണ്ടുകളായും.
സോവിയറ്റ് യൂണിയന്‍ പിളര്‍ന്ന് പല കഷണങ്ങളായി മാറിയപ്പോള്‍ അറാള്‍ കടല്‍ മേഖല ഉസ്ബക്കിസ്ഥാന്റെയും കസാക്കിസ്ഥാന്റെയും അധികാര സീമയിലെത്തി. ആഴം കൂടി പരന്ന ഭാഗം ഉസ്ബക്ക് പ്രദേശത്തും ആഴം കുറഞ്ഞയിടം കസാക്കിലും. കടല്‍ നശിച്ചതിന്റെ ദുരന്തം അനുഭവിച്ച കസാക്കിസ്ഥാനിലെ പ്രാദേശിക എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്‌ദ്ധരും ഒരു കൈ നോക്കാനിറങ്ങി. നദിയുടെ ഒഴുക്കും അറാള്‍ പ്രദേശത്തിന്റെ കിടപ്പും അവര്‍ വിശദമായി പഠിച്ചു. സിര്‍ദാരിയയില്‍നിന്നുള്ള വെള്ളം തടസമില്ലാതെ ഒഴുകിയാല്‍ തങ്ങളുടെ ഭാഗത്തുള്ള കടലിനെയെങ്കിലും പുനര്‍ജനിപ്പിക്കാനാവുമോ എന്നായിരുന്നു അവരുടെ ചിന്ത. പക്ഷേ മറ്റൊരു പ്രശ്‌നം അവരെ നേരിട്ടു. വടക്കന്‍ അറാളില്‍ വെള്ളമെത്തിയാല്‍ അത് ഞൊടിയിടയില്‍ വറ്റിക്കിടക്കുന്ന തെക്കന്‍ അറാളിലേക്കൊഴുകും. വൈകാതെ നീരാവിയായി മറയുകയും ചെയ്യും.
അതിനാല്‍ രണ്ട് കടല്‍ഭാഗങ്ങള്‍ക്കുമിടയിലുള്ള ഇടുങ്ങിയ ഭാഗത്ത് ഒരു വമ്പന്‍ അണ നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടും സാങ്കേതിക വിദ്യ അപര്യാപ്തതയും ഉണ്ടായിട്ടും ഭരണകൂടം അവര്‍ക്കൊപ്പം കട്ടക്ക് നിന്നു. ഒടുവില്‍ മണ്ണ്‌കൊണ്ട് അവര്‍ വലിയൊരു തടയണ കെട്ടി. ഏതാണ്ട് 150 മീറ്റര്‍ വീതിയില്‍ 13 കിലോമീറ്ററോളം നീളത്തില്‍ വലിയൊരു തടയണ- കൊക്കാറല്‍ ഡാം. പരിസ്ഥിതിയെ മടക്കിക്കൊണ്ടുവരാനുള്ള നാട്ടുകാരുടെ ശ്രമത്തെ ലോകബാങ്കും കയ്യയച്ച് സഹായിച്ചു. പക്ഷേ മഴക്കാലത്ത് സിര്‍ദാരിയയുടെ വെള്ളത്തള്ളലില്‍ മണ്‍ചിറ കുത്തിയൊലിച്ചു. അപകടത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പക്ഷേ കസാക്കുകാര്‍ ആശ കൈവെടിഞ്ഞില്ല. അവര്‍ വീണ്ടും ചിറ കെട്ടി. അതില്‍ സ്പില്‍വേയും കോണ്‍ക്രീറ്റ് ഗേറ്റുകളും തീര്‍ത്തു.
പിന്നെ നടന്നത് അത്ഭുതമായിരുന്നു. സിര്‍ദാരിയയിലെ ശുദ്ധജലം വടക്കന്‍ അറാളിലേക്ക് കുത്തിയൊഴുകി. മരുഭൂമി ക്രമേണ മറഞ്ഞുതുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ 3000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് അറാള്‍ കടല്‍ മടങ്ങിവന്നു. അതോടെ അവിടെ കാലാവസ്ഥ മാറി. ഉഷ്ണ കൊടുങ്കാറ്റ് അടങ്ങി. ശുദ്ധജല മത്‌സ്യങ്ങള്‍ വടക്കന്‍ അറാളില്‍ സ്വയം എത്തിച്ചേര്‍ന്നു. ഏതാണ്ട് രണ്ട് ഡസനില്‍പരം മത്‌സ്യ ഇനങ്ങള്‍. അവ മുട്ടയിട്ട് പെരുകിയത് അതിവേഗത്തില്‍. അതേ വേഗതയില്‍ മുക്കുവതൊഴിലാളികളും മടങ്ങിവന്നു. ചെറുകപ്പലുകളും ഫിഷിങ് ബോട്ടുകളും പിന്നാലെയെത്തി. ഉപേക്ഷിച്ച മത്‌സ്യ സംസ്‌കരണശാലകള്‍ക്ക് ജീവന്‍ വെച്ചു. നാടുവിട്ടവര്‍ മടങ്ങിയെത്താനും താമസമുണ്ടായില്ല.
കടല്‍ പ്രദേശത്തിനു ചുറ്റും നീളന്‍ പുല്ലുകളും കുറ്റിക്കാടുകളും തിങ്ങിനിറയാന്‍ ഒരുവര്‍ഷം പോലും വേണ്ടിവന്നില്ല. അതിനുള്ളില്‍ കാട്ടുപന്നികളും മാനുകളും ചെന്നായ്‌ക്കളും അവിടെ തമ്പടിച്ചു. അവയ്‌ക്ക് കൂട്ടിന് ദേശാടനക്കിളികളും.
കസാക്കിസ്ഥാന്‍ മേഖലയിലെ വടക്കന്‍ അറാളില്‍ കാലാവസ്ഥ സുഖകരമായി. മനുഷ്യന്‍ മുച്ചൂടും മുടിച്ച പ്രകൃതിയെ മനുഷ്യപ്രയത്‌നം കൊണ്ടുതന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് കസാക്കുകള്‍ തെളിയിച്ചു. അതിലവര്‍ക്ക് അഭിമാനമുണ്ട്. കൊക്രാല്‍ ഡാമിന്റെ ഉയരം അല്‍പംകൂടി വര്‍ധിപ്പിച്ചാല്‍ തങ്ങളുടെ കടലില്‍ കൂടുതല്‍ വെള്ളം എത്തിക്കാമല്ലോ എന്നാണവരുടെ ആലോചന.
എന്നാല്‍ തെക്കന്‍ അറാള്‍ ഇന്നും മരുഭൂമിയായി തുടരുന്നു. ആവശ്യത്തിന് വെള്ളമില്ല. നദിയിലെ വെള്ളം കൃഷിക്കുവേണ്ടി ഇപ്പോഴും തിരിച്ചുവിടുകയാണ്. എങ്കിലും വറ്റിവരണ്ട കടല്‍ത്തിട്ടയില്‍ സാക്‌സൗള്‍ പോലുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഉപ്പുകലര്‍ന്ന പൊടിക്കാറ്റിനെ അല്‍പമെങ്കിലും നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഉസ്‌ബെക്കുകള്‍.
















