ന്യൂദല്‍ഹി: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്രവിഹിതം മുന്‍കൂറായി അനുവദിച്ചു. ദുരന്തം ബാധിച്ച അരുണാചല്‍ പ്രദേശ്, ആസാം, ഹിമാചല്‍പ്രദേശ്, ഒഡീഷ, നാഗാലാന്റ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് തുക മുന്‍കൂറായി അനുവിച്ചത്. ഇതിനായി നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി. വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങളില്‍ എത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടും സംസ്ഥാനങ്ങളുടെ അപേക്ഷകളും കൂടി പരിഗണിച്ചാണ് തുക മുന്‍കൂറായി അനുവദിച്ചത്.
ഹിമാചല്‍പ്രദേശ്, ഒഡീഷ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തെ എസ്ഡിആര്‍എഫിന്റെ ആദ്യ ഗഡു നേരത്തെ അനുവദിച്ചിരുന്നു. അതുകൂടാതെ ഹിമാചല്‍പ്രദേശിന് 193.95 കോടിയും ഒഡീഷക്ക് 500 കോടിയും വീതം രണ്ടാം ഗഡുകൂടി മുന്‍കൂറായി അനുവദിച്ചു. ആദ്യഗഡുവായി അരുണാചല്‍ പ്രദേശിന് 44.55 കോടി, ആസാമിന് 379.35 കോടി, ഗുജറാത്തിന് 500 കോടി, മഹാരാഷ്‌ട്രക്ക് 500 കോടിയും മുന്‍കൂറായി അനുവദിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘങ്ങളെ അരുണാചല്‍ പ്രദേശിലേക്കും അസമിലേക്കും നിയോഗിച്ചിട്ടുണ്ട്. ആസാമില്‍ കേന്ദ്രസംഘം രണ്ട് തവണ സന്ദര്‍ശനം നടത്തി. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സംസ്ഥാനത്തിനായി മറ്റൊരു കേന്ദ്രസംഘത്തെ രൂപീകരിച്ചു വരികയാണ്.
മണ്‍സൂണ്‍ ആരംഭിച്ചതുമുതല്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) ടീമുകളെ മുന്‍കൂട്ടി വിന്യസിക്കുന്നതിനും പ്രതിരോധ മന്ത്രാലയത്തിന്റെ പിന്തുണയും ഉള്‍പ്പെടെ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസം, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവക്കായി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഫണ്ട് അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വ്യക്തമാക്കി.
















