
തിരുവനന്തപുരം: കനത്ത മഴ കണക്കിലെടുത്ത് ഞായറാഴ്ച (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സര്‍വകലാശാല തിങ്കളാഴ്ച (ആഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഞായറാഴ്ച (ആഗസ്റ്റ് 2)നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, ശനിയാഴ്ച പരീക്ഷ എഴുതാന്‍ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് പിഎസ്‌സി അറിയിച്ചു. കനത്തമഴയും പ്രകൃതിക്ഷോഭവും മൂലം വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയില്‍ (മൂന്നും നാലും ഘട്ടങ്ങള്‍) പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ആഗസ്റ്റ് 22 ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കും. ഇതിനായി തുടര്‍ന്ന് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം.
കായികക്ഷമതാ പരീക്ഷ മാറ്റി
വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025തസ്തികമാറ്റം മുഖേന, 254/2025ഈഴവ/തിയ്യ/ബില്ലവ, 255/2025ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിന് 2026 ആഗസ്റ്റ് മാസം 4, 5 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.