കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്രകൂട്ടായ്‌മയിലെ ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസത്തിലൂടെ പുറത്തായ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും. മാണി കേരള കോണ്‍ഗ്രസും ഇടതുപക്ഷവും കോണ്‍ഗ്രസിലെ നാലു വിമതരും മുന്‍ വിമതയും ചേര്‍ന്നാണ് ദിയയെ പുറത്താക്കിയത്. അതിനു തങ്ങളെ സഹായിച്ച കോണ്‍ഗ്രസ് വിമതരില്‍ ഒരാളെ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് പിന്തുണയ്‌ക്കാമെന്നാണ് ഇടതുപക്ഷത്തുള്ള മാണി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വനിതാസംവരണമാണ് ചെയര്‍പേഴ്‌സണ്‍ പദവി. അതിനാല്‍ ആക്ടിംഗ് ചെയര്‍പേഴ്ണായ മുന്‍ കോണ്‍ഗ്രസ് വിമത മായാ രാഹുലോ കോണ്‍ഗ്രസ് വിമത ലിസിക്കുട്ടി മാത്യുവോ ചെയര്‍പേഴ്‌സണ്‍ ആകട്ടെയൊണ് ജോസ് കെ മാണിയുടെ നിര്‍ദേശം. ടേംവ്യവസ്ഥയില്‍ ഇവര്‍ മാറി മാറി ഭരിക്കട്ടെയെന്നും പറയുന്നു. എന്നാല്‍ ആദ്യ ടേം വേണമെന്ന കടുംപിടിത്തത്തിലാണ് മായാ രാഹുല്‍. എന്നാല്‍ ഇതിന് ലിസിക്കുട്ടി തയ്യാറല്ല. മാണി കോണ്‍ഗ്രസ് ആറു മാസത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും പിന്തുണ പിന്‍വലിക്കാമെന്നതിനാല്‍ നാലരവര്‍ഷമൊന്നും ഭരണം മുന്നോട്ടു പോകില്ല. കിണ്ണത്തിന്‌റെ വക്കത്തിരിക്കുന്ന കസേര ആദ്യം തന്നെ കയ്യടക്കാനുള്ള നീക്കമാണ് രണ്ടു പേരും നടത്തുന്നത്.
















