ന്യൂദല്‍ഹി : പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി.ലോക്‌സഭ കഴിഞ്ഞ ദിവസം ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ വോട്ടിനിട്ട് തള്ളി. രാഷ്‌ട്രപതി ഒപ്പുവെയ്‌ക്കുന്നതോടെ ബില്ല് നിയമമാകും.
ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. പ്രസ്താവന നടത്തിയില്ലെന്ന് പറഞ്ഞ് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.പുതിയ ബില്ല് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആരോപണം.
അതിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘന നോട്ടീസ് നല്‍കി. ബിജെപി നേതാവ് അനുരാഗ് സിംഗ് താക്കൂറാണ് നോട്ടീസ് നല്‍കിയത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുല്‍ഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കാട്ടിയാണ് നോട്ടീസ്.
















