
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമമെന്ന് പരാതി. വര്‍ക്കല ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് കല്‍ക്കൂട്ടംവിള വീട്ടില്‍ ശാരദയാണ് (79) പരാതിക്കാരി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അയല്‍വാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന നേരത്തെ നല്‍കിയ പരാതിയുടെ വിവരം അറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോഴാണ് അതിക്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് ആയിരൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് എസ്പിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയെന്നാണ് ശാരദ പറയുന്നത്.
ഒറ്റയ്‌ക്കു താമസിക്കുന്ന ശാരദ കഴിഞ്ഞ 8-ാം തിയതിയാണ് പരാതി നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിലെത്തിയത്. അന്ന് പരാതി സ്വീകരിച്ചശേഷം രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാന്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് വീണ്ടും എത്തിയപ്പോഴാണ് പോലീസ് അകത്തേക്ക് കടത്തിവിടാതെ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രമം നടത്തിയതെന്നാണ് ശാരദയുടെ ആരോപണം.
മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് അറിയിച്ചപ്പോള്‍ വനിതാ പോലീസുകാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചുറ്റും നിന്ന് ബലമായി ഉയര്‍ത്തി ജീപ്പിലേക്ക് മാറ്റി. ഇതിനിടെ മുഖം ഇടിച്ചുവീണു. കണ്ണടയും പൊട്ടി. കൈക്കും കാലിനും മുഖത്തും പരിക്കേറ്റുവെന്നുമാണ് ശാരദ പറയുന്നത്. തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറത്തുവിട്ടതെന്നും പറയുന്നു. ഇതിനിടെ പേരൂര്‍ക്കടയില്‍ കൊണ്ടുപോകുമെന്നു പറഞ്ഞതായും ആരോപണമുണ്ട്.
തമ്പാനൂരില്‍ ഓട്ടോയില്‍ എത്തി അവിടെനിന്നും ട്രെയിനിലാണ് വീട്ടിലെത്തിയത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് ശാരദ ചികിത്സ തേടിയത്. ആശുപത്രി അധികൃതരാണ് വര്‍ക്കല പോലീസിനെ അറിയിച്ചത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ പോലീസുകാര്‍ അനുനയശ്രമം നടത്തി പണം വാഗ്ദാനം ചെയ്തതായും ആരോപിക്കുന്നു.