നീറ്റ് പരീക്ഷയുടെ പേരില്‍ ദല്‍ഹിയില്‍ നടത്തിയ സമരം വിജയിച്ചതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നന്ദിയുണ്ടെന്നും, ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോട് ഉപമിച്ചില്ലായിരുന്നുവെങ്കില്‍ കോക്രോച്ച് ജനതാപാര്‍ട്ടി രൂപീകരിക്കപ്പെടില്ലായിരുന്നുവെന്നും സമരത്തിന്റെ മുഖമായിരുന്ന അഭിജിത് ദീപ്‌കെ പറയുകയുണ്ടായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്. താന്‍ പാറ്റകളോട് ഉപമിച്ചത് രാജ്യത്തെ യുവാക്കളെയല്ലെന്നും വ്യാജ ബിരുദക്കാരെയാണെന്നും ചീഫ് ജസ്റ്റിസ് ഒന്നിലധികം തവണ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ കടലാസ് സര്‍വകലാശാലകളില്‍ ചേര്‍ന്നും പരീക്ഷാ ക്രമക്കേടുകള്‍ നടത്തിയുമാണല്ലോ ചിലര്‍ വ്യാജ ബിരുദം നേടുന്നത്. പരീക്ഷാ രീതികളെയും സമൂഹത്തെയും പലതരത്തില്‍ കാര്‍ന്നുതിന്നുന്ന ഇവരെയാണ് പാറ്റകള്‍ എന്നു വിശേഷിപ്പിച്ചത്. നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു ധാര്‍മികാവകാശവുമില്ല. ഇവരെ വിദ്യാര്‍ത്ഥികളെന്നു പോലും വിളിക്കാനാ
വില്ല.
നീറ്റ് പരീക്ഷയുടെ പേരില്‍ ദല്‍ഹിയില്‍ സമരം ചെയ്തത് പരീക്ഷാ ക്രമക്കേടിനാല്‍ ഭാവി അപകടത്തിലാവുമെന്ന ആശങ്കയുളള വിദ്യാര്‍ത്ഥികളായിരുന്നില്ല. അക്രമാസക്തമായ ഒരു ആള്‍ക്കൂട്ടമായിരുന്നു. ചില മലയാള മാധ്യമങ്ങള്‍ ചിത്രീകരിച്ചതുപോലെ ബാരിക്കേഡുകള്‍ മറിച്ചിടുക മാത്രമല്ല ഇവര്‍ ചെയ്തത്. പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. കര്‍ഷകസമരത്തിന്റെ പേരില്‍ ചെങ്കോട്ടയിലും, പൗരത്വ ബില്ലിനെതിരെ ഷഹീന്‍ ബാഗിലും നടന്ന അക്രമങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. ജന്തര്‍ മന്തിറിനു പുറമേ നടന്ന അക്രമങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞത് ഇതിന് തെളിവാണല്ലോ.
ജന്തര്‍ മന്തിറില്‍ നിരാഹാരം നടത്തിയിരുന്ന സോനം വാങ് ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതും യാദൃച്ഛികമല്ല, ആസൂത്രിതമായിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കരുതെന്നാണല്ലോ നിരാഹാരം അവസാനിപ്പിക്കാന്‍ വാങ്ചുക്ക് ഉപാധിവെച്ചത്. കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്താല്‍ കലാപത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചത് വിദ്യാര്‍ത്ഥികളല്ലെന്നു വ്യക്തമാവും. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാന്‍ മോഹിക്കുന്ന മതമൗലികവാദികള്‍ക്കും, വ്യവസ്ഥാപിത ഭരണസംവിധാനങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ക്കും, നിയമവിരുദ്ധമായും അനിയന്ത്രിതമായും വിദേശ പണം കൈപ്പറ്റുന്ന മതപരിവര്‍ത്തന ലോബികള്‍ക്കും ഇതില്‍ പങ്കുള്ളതായി തെളിയും. ഇവര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു.
കോക്രോച്ച് പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു പരാമര്‍ശത്തിനെതിരെ പൊടുന്നനെയുണ്ടായ പ്രതികരണവുമല്ല. ഭാരത വിരുദ്ധരായ വൈദേശിക ശക്തികളുടെ കൂലിപ്പടയാളികള്‍ ഇങ്ങനെയൊരു അവസരത്തിന് കാത്തിരിക്കുകയായിരുന്നു. കോക്രോച്ച് പാര്‍ട്ടിക്ക് തുടക്കം കുറിച്ച അഭിജീത് ദീപ്‌കെ മുന്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന കാര്യം പലരും സൗകര്യപൂര്‍വം വിസ്മരിച്ചു. ഫോര്‍ഡ് ഫൗണ്ടേഷനും ജോര്‍ജ് സോറോസും രാജ്യാന്തര ക്രൈസ്തവ ശക്തികളും നൂലില്‍ കെട്ടിയിറക്കിയ അരവിന്ദ് കെജ്‌രിവാള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അഴിമതിയുടെയും അരാജകത്വത്തിന്റെയും പ്രതീകമായി ഈ നേതാവ് അസ്തമിച്ചപ്പോള്‍ ഇയാളുടെ യജമാനന്മാര്‍ കണ്ടെത്തിയ മറ്റൊരു ഉപകരണമാണ് അഭിജിത് ദീപ്‌കെ. അണ്ണാ ഹസാരെയെ അരവിന്ദ് കെജ്‌രിവാള്‍ ഉപയോഗിച്ചതു പോലെയാണ് വാങ്ചുക്കിനെ അഭിജിത് ദീപ്‌കെ മറയാക്കിയത്.
വിദ്യാര്‍ത്ഥികളുടെ മേല്‍വിലാസത്തില്‍ നീറ്റ് പരീക്ഷ ക്രമക്കേടിനെക്കുറിച്ച് കോക്രോച്ച് പാര്‍ട്ടിക്കാര്‍ പ്രകടിപ്പിച്ചത് വ്യാജമായ ആശങ്കയാണ്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശവും സുതാര്യവും സത്വരവുമായ നടപടികളെടുത്തു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാവകാശം കൊടുക്കാതിരിക്കാനാണ് കോക്രോച്ച് പാര്‍ട്ടിക്കാര്‍ അക്രമ സമരത്തിലേക്ക് എടുത്തുചാടിയത്.
ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അധികാരത്തില്‍ വന്നിരിക്കുകയാണ്. ഈ സര്‍ക്കാരിന് ഒരു കാരണവശാലും നാലാമൂഴം നല്‍കരുത്. ഇതാണ് ഭാരതത്തിന്റെ പരമ്പരാഗത ശത്രുക്കളായ രാജ്യങ്ങളും, ലോകാധിപത്യത്തിന് ശ്രമിക്കുന്ന വൈദേശിക ശക്തികളും ആഗ്രഹിക്കുന്നത്. ശ്രീലങ്കയില്‍ നടത്തിയ കലാപത്തിലൂടെ അവിടത്തെ ഭരണകൂടത്തെ അട്ടിമറിച്ചു. നേപ്പാളില്‍ ജെന്‍സി മുന്നേറ്റത്തിലൂടെ പുതിയ സര്‍ക്കാരിനെ പ്രതിഷ്ഠിച്ചു. ബംഗ്ലാദേശില്‍ ഇസ്ലാമിക മതമൗലികവാദികളെ ഉപയോഗിച്ച് നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് പാവഭരണകൂടത്തെ അധികാരത്തില്‍ കൊണ്ടുവന്നു. ഇതുപോലൊന്ന് ഭാരതത്തില്‍ നടക്കാത്തത് നേരത്തെ സൂചിപ്പിച്ച വൈദേശിക ശക്തികളെയും അവരുടെ പിണിയാളുകളെയും വല്ലാതെ അസ്വസ്ഥരാക്കുന്നു. എന്തു വിലകൊടുത്തും ഭാരതത്തില്‍ അസ്ഥിരത സൃഷ്ടിക്കുക, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക, തങ്ങളുടെ രാഷ്‌ട്രീയവും മതപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണ സംവിധാനം കൊണ്ടുവരിക. ഇതാണ് വൈദേശിക ശക്തികളുടെ ഗൂഢലക്ഷ്യം.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ശത്രുക്കളായ വൈദേശിക ശക്തികള്‍ക്കും രാജ്യത്തെ അവരുടെ പിണിയാളുകള്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നു. കാരണം ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പിന്നോട്ടുപോ
യി. പക്ഷേ ബിജെപിയുടെ ശത്രുക്കള്‍ വിചാരിച്ചതു പോലെയല്ല പിന്നീട് സംഭവിച്ചത്. മഹാരാഷ്‌ട്ര, ദല്‍ഹി, ഒഡിഷ, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ച് ബിജെപി സര്‍ക്കാരുകളുണ്ടാക്കി. ഝാര്‍ഖണ്ഡ് ഒഴികെ എല്ലായിടങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടന്ന് മുന്നേറ്റമുണ്ടാക്കി. ബംഗാളില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല, വൈദേശിക ശക്തികളെയും ഞെട്ടിച്ചു. പരമ്പരാഗത ശക്തികേന്ദ്രമല്ലാത്ത, ഒരിക്കലും ഹിന്ദുത്വ ശക്തികള്‍ അധികാരത്തില്‍ വരില്ലെന്ന് കരുതിയിരുന്ന ലെഫ്റ്റ് ലിബറലുകളുടെ സ്വര്‍ഗമായിരുന്ന ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയത് ഇക്കൂട്ടരെ ക്രുദ്ധരാക്കിയിരിക്കുന്നു. ബംഗാളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആഭ്യന്തരവും വൈദേശികവുമായ ശക്തികള്‍ ജന്തര്‍ മന്തിറില്‍ കലാപം സൃഷ്ടിക്കാന്‍ കൈകോര്‍ത്തിട്ടുണ്ട്.
ജന്തര്‍ മന്തിറിലെ കലാപത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഒരാള്‍ പ്രഖ്യാപിത മോദി വിരുദ്ധനായ യോഗേന്ദ്ര യാദവാണ്. ”ജനാധിപത്യം പാര്‍ലമെന്റില്‍ നിന്നല്ല, തെരുവുകളില്‍ നിന്നായിരിക്കും മുന്നോട്ട് പോകുക” എന്നാണ് ഒരു വീഡിയോ സന്ദേശത്തില്‍ യാദവ് പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെ തന്റെ ലേഖനത്തില്‍ യാദവ് ജന്തര്‍ മന്തിര്‍ പ്രതിഷേധത്തെ ഭാരതത്തിന്റെ ‘കയ്യേറ്റ നിമിഷം’ (Occupy moment) എന്നാണ് വിശേഷിപ്പിച്ചത്. അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ ‘സ്വാഭാവിക ജനസമാഹരണം’ ആയാണ് കാണുന്നത്. പ്രതിപക്ഷം ‘പ്രതിരോധത്തിന്റെ രാഷ്‌ട്രീയം’ എന്നതിലേക്ക് മാറണമെന്നും ഇയാള്‍ വാദിക്കുന്നു.
യോഗേന്ദ്ര യാദവ് പറയുന്ന ‘പ്രതിരോധത്തിന്റെ രാഷ്‌ട്രീയം’ അപകടകരമായ ആശയവും ആഹ്വാനവുമാണ്. അനീതിക്കെതിരെ പോരാടാനുള്ള അവകാശം ജനാധിപത്യത്തില്‍ പൗരന്മാര്‍ക്കുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണെന്നും, ഇനി അക്രമത്തിന്റെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും പറയുന്നത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. യാദവ് ഉപയോഗിക്കുന്ന ‘തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’ എന്ന പ്രയോഗം ജനങ്ങളെ വഴിതെറ്റിക്കുന്നതാണ്. മോദി സര്‍ക്കാരിന്റെ ഭരണം ‘മെജോറിറ്റേറിയനിസം’ ആണെന്ന് പറയുന്നതിന്റെ തുടര്‍ച്ചയാണിത്. ജനാധിപത്യപരമായ മാറ്റം സൃഷ്ടിക്കാന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് കഴിയില്ലെന്ന് കരുതുന്നത് അരാജകവാദികള്‍ മാത്രമാണ്. ഇവര്‍ക്ക് മേല്‍കൈ ലഭിക്കുന്ന സാഹചര്യം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും.
കോക്രോച്ച് പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ ദല്‍ഹിയില്‍ തമ്പടിച്ച് അക്രമാസക്തസമരം നടത്തിയത് ഇടതു-മാവോയിസ്റ്റു വിദ്യാര്‍ത്ഥി സംഘടനകളും ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇസ്ലാമിക മതമൗലിക വാദ-തീവ്രവാദ സംഘടനകളും രംഗത്തിറക്കിയവരാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ സമരത്തിന്റെ ബഹുമതി ഇവര്‍ അവകാശപ്പെടുകയും ചെയ്തല്ലോ.
ഭാരതം തെരഞ്ഞെടുപ്പുകള്‍ അപ്രസക്തമായ ഒരു രാജ്യമല്ല. രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ ഏതു പാര്‍ട്ടിക്കും സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു. പാര്‍ലമെന്റ് സംവിധാനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരുകളുടെ തീരുമാനങ്ങളെ കോടതികളില്‍ ചോദ്യം ചെയ്യാം, തിരുത്താം.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നത് ജനാധിപത്യത്തിന്റെ ശക്തി കൊണ്ടാണ്. ബിജെപിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ്. ഇതിനെ അംഗീകരിക്കില്ലെന്ന് പറയുന്നത് ജനാധിപത്യത്തെ വെറുക്കുന്നതിന് തുല്യമാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി അധികാരത്തില്‍ വന്നുകൊണ്ടിരുന്നപ്പോള്‍ അത് ജനാധിപത്യത്തിന്റെ മഹത്വമായി വാഴ്‌ത്തിയവര്‍ ബിജെപിയും നരേന്ദ്ര മോദിയും ഇതുപോലെ അധികാരത്തില്‍ എത്തുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നു. ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടേണ്ടതുണ്ട്. ദല്‍ഹിയിലെ കലാപകാരികള്‍ വിദ്യാര്‍ത്ഥികളല്ല. കലാപം സമരവുമല്ല. അരാജകത്വം ജനാധിപത്യമാവില്ല.
















