Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Published by
എഡിറ്റോറിയൽ ഡെസ്ക്

കൊല്ലം കുണ്ടറയില്‍ പതിമൂന്നുകാരനെ കാണാനില്ലെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് മരിക്കാനിടയായത് പോലീസിന്റെ മര്‍ദ്ദനംമൂലമാണെന്ന വീട്ടുകാരുടെ ആരോപണം തള്ളിക്കളയാനാവില്ല. കാണാതായ കുട്ടിയുടെ സഹോദരിയാണ് അയല്‍വാസിയായ സിയാദിനെതിരെ പരാതി നല്‍കിയതും, പോലീസ് പിടിച്ചുകൊണ്ടുപോയതും. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍ വച്ചും ഈ യുവാവിന് അതിക്രൂരമായ മര്‍ദ്ദനമേറ്റു എന്നാണ് വീട്ടുകാര്‍ പറയുന്നത്. താന്‍ രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസുകാര്‍ മദിച്ചുവെന്ന് സിയാദ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. കാണാതായ ബാലനെ കണ്ടെത്തുകയും പരാതി വ്യാജമാണെന്നു തെളിയുകയും ചെയ്തതോടെ സിയാദിനെ പോലീസ് വിട്ടയച്ചു. ചികിത്സയ്‌ക്ക് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ ആരോപിക്കുമ്പോള്‍ പോലീസ് പതിവുപോലെ ഇത് നിഷേധിക്കുകയാണ്.

മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമം കാട്ടിയെന്നാണ് മറ്റൊരു പരാതി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അയല്‍വാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് നേരത്തെ നല്‍കിയ പരാതിയുടെ വിവരം അറിയാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിലെത്തിയപ്പോഴാണ് വര്‍ക്കല ഇടവ സ്വദേശിയായ എഴുപത്തൊന്‍പതുകാരി ശാരദയ്‌ക്കു നേരെ പോലീസിന്റെ അതിക്രമം ഉണ്ടായതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അകത്തേക്ക് കടത്തിവിടാതെ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രമം നടത്തിയെന്നും, തനിക്ക് പരിക്കേറ്റെന്നുമാണ് ശാരദയുടെ ആരോപണം.

ഇതു സംബന്ധിച്ച് എസ്പിക്കും ഡിവൈഎസ്പിക്കും വൃദ്ധ പരാതി നല്‍കിയിരിക്കുകയാണ്. കേരളത്തിലെ പോലീസിന്റെ പൊതുസ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചിരിക്കാനാണ് സാധ്യത.

പത്തുവര്‍ഷം സംസ്ഥാനം ഭരിച്ച പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര തന്നെ പോലീസ് അതിക്രമം ആയിരുന്നു. പിണറായി രക്ഷാപ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ച, നവകേരള യാത്രയില്‍ പ്രതിഷേധിച്ച യുവാക്കളെ തല്ലിച്ചതച്ച സംഭവം മാത്രമല്ല. ഓരോരോ കാരണങ്ങളാല്‍ ആബാലവൃദ്ധം ജനങ്ങളും പോലീസിന്റെ പലതരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായി. പലര്‍ക്കും ക്രൂര മര്‍ദ്ദനങ്ങളേറ്റു. കസ്റ്റഡി മരണങ്ങള്‍ നിരവധിയുണ്ടായി. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതിനെയൊക്കെ ന്യായീകരിക്കുകയായിരുന്നു. ഇരകള്‍ക്കൊപ്പമല്ല, അക്രമികളായ പോലീസുകാര്‍ക്കൊപ്പമാണ് ഇടതുഭരണം നിന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളിലും ഉരുണ്ടുകൂടിയ അമര്‍ഷവും പ്രതിഷേധവുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും തൂത്തെറിയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

ഭരണം മാറിയിട്ടും പോലീസ് മാറുന്നില്ല എന്നാണ് യുഡിഎഫ് ഭരണത്തിലെ പോലീസ് അതിക്രമങ്ങള്‍ നല്‍കുന്ന സൂചന. ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല വന്നെങ്കിലും ‘പിണറായി പോലീസ് ‘ മാറിയതായി തോന്നുന്നില്ല. അവര്‍ ഉപകാരസ്മരണയുള്ള ചുവന്ന പോലീസുകാരായി തുടരുകയാണ്. ഇതിന് വഴങ്ങിക്കൊടുക്കുന്ന രീതിയാണ് പുതിയ ആഭ്യന്തരമന്ത്രി പിന്തുടരുന്നതെന്ന അക്ഷേപമുണ്ട്. പിണറായിയുടെ മകളെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സിപിഎമ്മുകാര്‍ ആക്രമിച്ചപ്പോള്‍ നിഷ്‌ക്രിയത പാലിച്ച പോലീസിനെ ന്യായീകരിക്കുകയാണല്ലോ രമേശ് ചെന്നിത്തല ചെയ്തത്. കേസന്വേഷണത്തിന്റെ പേരില്‍ നിരപരാധികളായ മനുഷ്യരെ ആക്രമിക്കുന്ന രീതി പോലീസ് അവസാനിപ്പിക്കുക തന്നെ വേണം. പോലീസുകാര്‍ നിയമപാലകരാണ്, നിയമ ലംഘകരല്ല. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. പോലീസിനെ നിലയ്‌ക്ക് നിര്‍ത്തിയില്ലെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ഗതി തന്നെയാവും യുഡിഎഫ് സര്‍ക്കാരിനെയും കാത്തിരിക്കുന്നത്.

Recent Posts