Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

സ്വാധീനം ചെലുത്തി നടപടി ഒഴിവാക്കാന്‍ ശ്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പെറ്റിയിനത്തില്‍ ഈടാക്കിയ തുക മോഷ്ടിച്ച കേസില്‍ പോലീസുകാരനെതിരെ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി. കരമന പോലീസ് സ്റ്റേഷനിലെ മുൻ റൈറ്റര്‍ക്കെതിരെ ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്‌ത്തിയത്. 2025ലാണ് സംഭവം നടന്നത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയും സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട തുക മോഷ്ടിക്കുകയും ചെയ്ത ഈ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നായിരുന്നു ട്രാഫിക് എസി നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിസിപിക്കാണ് നല്‍കിയത്. ഒരു ഭരണപക്ഷ എംഎല്‍എയുടെ സഹായത്തോടെയാണ് റിപ്പോര്‍ട്ട് പൂഴ്‌ത്തിയതെന്നാണ് പോലീസുകാര്‍ക്കിടയിലെ ആരോപണം.

മൂവാറ്റുപുഴയിലും സമാനമായ സംഭവമുണ്ടായി. വനിതാ സിപിഒ നാലുവര്‍ഷത്തിനിടെ തട്ടിയെടുത്തത് 16 ലക്ഷം രൂപയായയിരുന്നു. ഒടുവില്‍ ഈ വനിതാ സിപിഒയെ അറസ്റ്റ് ചെയ്യുകയും അന്വേഷമത്തില്‍ ഗുരുതര കുറ്റകൃത്യമെന്നു കണ്ടെത്തുകയും സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. മാത്രമല്ല ആ ഉദ്യോഗസ്ഥ ഇപ്പോഴും കേസില്‍ പ്രതിയാണ്. സമാനമായ സംഭവങ്ങളില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായി നടപടിയെടുത്തെങ്കിലും കരമന സംഭവത്തില്‍ ഇതുവരെ കുറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടില്ല. ഇതിനെതിരെ സേനയ്‌ക്കുള്ളില്‍ തന്നെ അമര്‍ഷം ഉയരുകയാണ്.

സംഭവം വാര്‍ത്തയായതോടെ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ അതിനു ശേഷം നടന്ന ഉന്നതതല അന്വേഷണത്തില്‍ ഗുരുതരമായ തെറ്റാണ് ഇയാള്‍ ചെയ്തതെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഈ പോലീസുകാരന്‍ എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ച് അച്ചടക്ക നടപടികള്‍ ഒന്നുമില്ലാതെ സര്‍വീസില്‍ തിരിച്ചുകയറാനുള്ള നീക്കം ആരംഭിച്ചു. സസ്‌പെന്‍ഷന്‍ ഒഴിവാക്കി സര്‍വീസില്‍ തിരികെ കയറ്റണമെന്നാവശ്യപ്പെട്ട് പോലീസുകാരന്‍ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കി.

സംഭവം കൈയോടെ പിടികൂടിയെങ്കിലും ആദ്യമൊന്നും ഈ പോലീസുകാരനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. സംഘടനാ നേതാക്കളുടെ ഇടപെടലായിരുന്നു അതിനു കാരണം. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഈ റൈറ്ററെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഭരണപക്ഷ എംഎല്‍എയുടെ സഹായത്തോടെ സ്വാധീനം ചെലുത്തി നടപടികളില്‍ നിന്നും ഒഴിവാകാനാണ് ഇപ്പോള്‍ ആ പൊലീസുകാരന്‍ ശ്രമിക്കുന്നതെന്ന് സേനയ്‌ക്കകത്ത് ആരോപണമുണ്ട്.

ഗതാഗത നിയമലംഘനങ്ങളില്‍ ഈടാക്കിയ പെറ്റിത്തുക ട്രഷറിയില്‍ അടച്ചതില്‍ അസ്വഭാവികത ശ്രദ്ധിയില്‍പ്പെട്ടപ്പോഴാണ് കരമന സ്‌റ്റേഷനിലെ എസ്എച്ച്ഒ റൈറ്ററുടെ ഇടപാടുകള്‍ പരിശോധിച്ചത്. ആറുമാസത്തെ ഇടപാടുകളെ കുറിച്ചുള്ള തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. അതിനു മുമ്പും ഇത്തരത്തില്‍ ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നാണ് സ്റ്റേഷനിലെ പോലീസുകാര്‍ ആരോപിക്കുന്നത്.

സ്വഭാവ ദൂഷ്യം, ഡ്യൂട്ടിക്കിടയില്‍ മദ്യപാനം പോലീസുകാര്‍ക്കിടയിലെ ജാതിവിവേചനം തുടങ്ങിയ പരാതികള്‍ ഈ റൈറ്റര്‍ക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണം നടത്തുകയും ഈ ഉദ്യോഗസ്ഥനെ കരമന സ്‌റ്റേഷനില്‍ നിന്നും എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പുതുതായി ചുമതലയേറ്റ റൈറ്റര്‍ക്ക് ചാര്‍ജ് കൈമാറാന്‍ ഇയാളോട് മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ എആര്‍ ക്യാമ്പില്‍ നിന്നും ഇയാള്‍ മെഡിക്കല്‍ ലീവില്‍ പോവുകയായിരുന്നു. പലതവണ ഇയാളോട് ചാര്‍ജ് കൈമാറാന്‍ സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയാറായില്ല. തുടര്‍ന്ന് സംശയം തോന്നിയ എസ്എച്ച്ഒ ഇയാളുടെ ആറുമാസത്തെ ഇടപാടുകള്‍ പരിശോധിച്ചു. ആ സമയത്ത് 25,000 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഉടന്‍തന്നെ മേലുദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചു.

തുടര്‍ന്ന് സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഈസമയത്താണ് പെറ്റിത്തുക ഇയാള്‍ പോക്കറ്റിലാക്കി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. പെറ്റിയിനത്തില്‍ ലഭിച്ച തുക തന്റെ മേശയ്‌ക്കുള്ളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍ എടുത്തുകൊണ്ടു പോകുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കമ്മിഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാള്‍ ജോലിയിലുണ്ടായിരുന്ന കാലയളവില്‍ സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐമാരെയും ജിഡി ചാര്‍ജ് വഹിച്ച ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇവരെല്ലാം ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴത്തുക റൈറ്ററുടെ കൈയിലാണ് നല്‍കിയതെന്നാണ് മൊഴി നല്‍കിയത്. ഈ തുകയാണ് റൈറ്റര്‍ അടിച്ചുമാറ്റിയത്.

വേലി തന്നെ വിളവു തിന്നുന്ന രീതിയാണ് പോലീസ് സേനയില്‍ ഉണ്ടായിരിക്കുന്നത്. എന്നിട്ടും ആ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന രീതിയാണ് മേലുദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നാണ് സേനയിലുള്ളവര്‍ ആരോപിക്കുന്നത്. മാങ്ങ മോഷണക്കേസില്‍ പിടിയിലായ പോലീസുകാരനെ സേനയില്‍ നിന്നും പിരിച്ചുവിടുന്ന നടപടിവരെ ഉണ്ടായിട്ടും സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട പണം അപഹരിച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ഇതെല്ലാം ഭരണപക്ഷ എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്.

Recent Posts