Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തുണ്ടാക്കുന്ന ഇ20 ഇന്ധനം (E20 Fuel) മൂലം വാഹനങ്ങൾക്ക് എഞ്ചിൻ തകരാറുകളും മൈലേജ് കുറവും ഉണ്ടാകുന്നുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ വാദം തള്ളി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി::പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തുണ്ടാക്കുന്ന ഇ20 ഇന്ധനം (E20 Fuel) മൂലം വാഹനങ്ങൾക്ക് എഞ്ചിൻ തകരാറുകളും മൈലേജ് കുറവും ഉണ്ടാകുന്നുവെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പഴയ വാഹനങ്ങളില്‍ ചെറിയ മൈലേജ് കുറവ് ഉണ്ടാക്കാമെങ്കിലും എഞ്ചിനുകള്‍ക്ക് തകരാറുകള്‍ ഉണ്ടാക്കില്ലെന്ന് മാത്രമല്ല, ഇ20 പെട്രോള്‍ എഞ്ചിനുകള്‍ക്ക് നല്ലതാണെന്നും സുരേഷ് ഗോപി മറുപടി പറ‍ഞ്ഞു. രാജ്യസഭാ എം പിയായ ജോണ്‍ ബ്രിട്ടാസിന്റെ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരേഷ് ഗോപി.

ഇ 20 പെട്രോള്‍ വാഹന എഞ്ചിന് കേടുപാടുകള്‍ വരുത്തുമോ എന്നത് സംബന്ധിച്ച് മുമ്പ് വിശദമായ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും പഴയ വാഹനങ്ങളില്‍ ചെറിയ മൈലേജ് കുറവ് ഉണ്ടാക്കാമെങ്കിലും തകരാറുകള്‍ക്ക് അടിസ്ഥാനമില്ലെന്നും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

ഇ20 ഇന്ധനം കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആയുസ് കുറയ്‌ക്കുമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് ഇ20 പെട്രോള്‍ ലാബുകളിലും വാഹനങ്ങളിലും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് രാജ്യവ്യാപകമായി വിതരണം ആരംഭിച്ചതെന്നും മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

പഴയ തലമുറ വാഹനങ്ങളില്‍ ഇന്ധനക്ഷമതയില്‍ ചെറിയ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഏകദേശം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ മൈലേജ് കുറയാൻ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇ20 പെട്രോളിന് നിരവധി ഗുണങ്ങളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എഞ്ചിൻ പ്രവർത്തനം കൂടുതല്‍ സുഗമമാക്കാനും മലിനീകരണം കുറയ്‌ക്കാനും എത്തനോള്‍ കലർന്ന ഇന്ധനം സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Recent Posts