രാജാക്കാട്: പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചൊക്രമുടിയില്‍ കൈയേറ്റക്കാരെ തോല്‍പിച്ച് 12 വര്‍ഷങ്ങള്‍ക്കു ശേഷം നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു. സഹ്യപര്‍വ്വതത്തിന്റെ ഭാഗവും കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയതും യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ ചൊക്രമുടിയിലെ കൈയേറ്റം പൊതുസമൂഹത്തിന് മുമ്പിലേക്ക് എത്തിയത് ‘ജന്മഭൂമി’ യിലൂടെയായിരുന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയതോടെ ഇതര മാധ്യമങ്ങളും വിഷയം ഗൗരമായി ഏറ്റെടുത്തു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കപ്പെട്ട വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ കൂടി ഉണ്ടായതോടെ ചൊക്രമുടി ഒടുവില്‍ ഭൂമാഫിയകളില്‍ നിന്ന് തിരികെപ്പിടിച്ച് സര്‍ക്കാര്‍ വകയാക്കിമാറ്റി.
കൈയേറ്റം സംബന്ധിച്ച അന്വേഷണത്തില്‍ ചട്ടവിരുദ്ധമായ പട്ടയങ്ങള്‍ റദ്ദാക്കുകയും നാല് റവന്യു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. മലമുകള്‍ ഇടിച്ച് നിരത്തുകയും കുളങ്ങള്‍ കുഴിച്ചും പാറകള്‍ പൊട്ടിച്ചും മരങ്ങള്‍ വെട്ടിക്കടത്തിയും കൈയേറ്റ മാഫിയ ചൂഷണം ചെയ്തങ്കിലും ഭൂമി തിരിച്ചുപിടിക്കാനിടയായതാണ് ഏറെ ഗുണം ചെയ്തിട്ടുള്ളത്. അതിന്റെ ഫലമായാണ് ഇപ്പോള്‍ ഇതേ മലമുകളില്‍ നീലക്കുറിഞ്ഞി പൂവിട്ടു തുടങ്ങിയത്.
ആയിരത്തോളം മരങ്ങള്‍ വെട്ടിക്കടത്തിയതിനുപുറമെ നിലക്കുറിഞ്ഞിചെടികള്‍ പിഴുതുമാറ്റുകയും ചെയ്തിരുന്നു. 2014 ലാണ് ഇതിന് മുന്‍പ് ഇവിടെ നീലവസന്തം വിരിഞ്ഞത്. കാലാവസ്ഥ അനുകൂലമായാല്‍ മൂന്നു നാല് മാസങ്ങള്‍ക്കകം ചൊക്രമുടി മലനിരകള്‍ മുഴുവനായും കുറിഞ്ഞികള്‍ പൂത്തുലഞ്ഞ് നീലക്കടലായി മാറും. അതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കായിരിക്കും പ്രദേശത്തുണ്ടാവുക. നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയത് ഈ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്.















