പത്തനംതിട്ട: പ്രളയ, ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്ഡിആര്‍എഫ്) ചുമതലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എസ്ഡിആര്‍എഫിന്റെ ചുമതല പോലീസില്‍ നിന്ന് മാറ്റി അഗ്നിരക്ഷാസേനയെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശം ഇതേവരെ നടപ്പായിട്ടില്ല. അതുമൂലം എസ്ഡിആര്‍എഫ് പരിശീലനത്തിനും ഉപകരണങ്ങള്‍ വാങ്ങാനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ പാഴാവുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ദുരന്ത പ്രതികരണ സേനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ നിര്‍ദേശങ്ങള്‍ പലതും ഫയലില്‍ ഉറങ്ങുകയാണ്.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന പിണറായി വിജയന്‍ 2018ലെ പ്രളയത്തിന് ശേഷം അയച്ച വിശദമായ നിര്‍ദേശങ്ങള്‍ ആണ് തുടര്‍ നടപടിയില്ലാതെ സര്‍ക്കാര്‍ ഫയലില്‍ ഉറങ്ങുന്നത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. അന്ന് പിണറായി ഇത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഫയല്‍ മുഖ്യമന്ത്രി സതീശന്റെ മേശപ്പുറത്താണ്. നൂറംഗ സേനയെ ഉള്‍പ്പെടുത്തി മലപ്പുറം പാണ്ടിക്കാട് കേന്ദ്രമാക്കി പോലീസ് വകുപ്പിന് കീഴില്‍, ദേശീയ മാതൃകയിലാണ് സംസ്ഥാന ദുരന്ത പ്രതികരണ സേന രൂപീകരിച്ചത്. ഇതിന് ആവശ്യമായ തുക കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ 14 വര്‍ഷം കഴിഞ്ഞിട്ടും ഇതിന് സൂപ്പര്‍വൈസറി തസ്തികകള്‍ പോലും സൃഷ്ടിക്കാന്‍ സംസ്ഥാനത്തിനായിച്ചിട്ടില്ല. അടിയന്തര പ്രാധാന്യമുള്ള തീപ്പിടിത്ത പ്രതിരോധം പോലുള്ളവയില്‍ മികച്ച പരിശീലനം പോലും എസ്ഡിആര്‍എഫിനു നല്‍കിയിട്ടില്ല.
എസ്ഡിആര്‍എഫ് പ്രവര്‍ത്തനം ശാക്തീകരിക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 2014ല്‍ വിപുല യോഗം ചേര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്രളയം, ഉരുള്‍പൊട്ടല്‍, ബഹുനില കെട്ടിടങ്ങളിലെ തീപ്പിടിത്തം ഇവയെല്ലാം സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി വര്‍ദ്ധിച്ചുവരുന്നതിനാലാണ് എസ്ഡിആര്‍എഫ് സേവനം കാര്യക്ഷമമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.
ഇത്തരം ദുരന്തങ്ങളില്‍ അഗ്നിരക്ഷാസേനയാണ് സജീവമായി ഇടപെടുന്നത്. അതിനാല്‍ എസ്ഡിആര്‍എഫിനെ അഗ്നിരക്ഷാസേനയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലയായി തിരിച്ച് എസ്ഡിആര്‍എഫിനെ വിന്യസിക്കാനും നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ വെള്ളപ്പൊക്കത്തില്‍ മറ്റ് ജില്ലകളില്‍ നിന്നാണ് 18 യൂണിറ്റുകളെ വിളിച്ചുവരുത്തി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
പ്രളയത്തില്‍ ആളുകളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന റബര്‍ ഡിങ്കികള്‍ ഉള്‍പ്പെടെ ഇതര ജില്ലയില്‍ നിന്നാണ് എത്തിച്ചത്. 2018ലേതുപോലെ കേരളം മുഴുവന്‍ പ്രളയം വന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാകും.
















