Football

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അറ്റ്‌ലാന്റ: ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു വീഡിയോ തരംഗമാകുന്നു. മത്സരശേഷം ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിന്റെ വാട്ടര്‍ ബോട്ടില്‍ പരിശോധിക്കുന്ന ലയണല്‍ മെസ്സിയുടെയും മറ്റ് അര്‍ജന്റീനന്‍ താരങ്ങളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീളുകയാണെങ്കില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ ഏതൊക്കെ ദിശയിലേക്ക് കിക്ക് എടുക്കാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പിക്ക്‌ഫോര്‍ഡ് തന്റെ വാട്ടര്‍ ബോട്ടിലില്‍ രേഖപ്പെടുത്തിയിരുന്നു. അര്‍ജന്റീനന്‍ താരം നിക്കോളാസ് ഗോണ്‍സാലെസ് ആണ് ഈ കുപ്പി മൈതാനത്തുനിന്ന് കണ്ടെത്തി മെസ്സിയുടെ കൈകളില്‍ എത്തിച്ചത്. കുപ്പിയിലെ കുറിപ്പുകള്‍ വളരെ കൗതുകത്തോടെ വായിച്ചുനോക്കിയ ലയണല്‍ മെസ്സിക്ക് തന്റെ ചിരിയടക്കാന്‍ കഴിഞ്ഞില്ല. മെസ്സിയുടെ പെനാല്‍റ്റിയെക്കുറിച്ച് ‘ഇടത്തോട്ട് നീങ്ങി വലത്തോട്ട് ഡൈവ് ചെയ്യുക എന്ന രീതിയിലുള്ള കുറിപ്പാണ് അതില്‍ ഉണ്ടായിരുന്നത്.

മെസിക്ക് പിന്നാലെ എന്‍സോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളും കുപ്പിയിലെ വിവരങ്ങള്‍ വായിച്ചു നോക്കുകയും, തങ്ങളുടെ പേരുകള്‍ക്കൊപ്പം എഴുതിവെച്ചിരിക്കുന്ന തന്ത്രങ്ങള്‍ കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു. പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ കടുത്ത തയാറെടുപ്പുകള്‍ നടത്താറുള്ള പിക്ക്‌ഫോര്‍ഡിന്റെ ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Recent Posts