കൊച്ചി: അൽ റീം റെസ്റ്ററോന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല ബാധ. മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. കുഴിമന്തിക്ക് ഏറെ പ്രശസ്തമായ അൽ റീം ഹോട്ടൽ ശൃംഖലയിലെ കത്രിക്കടവിലെ ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഈ മാസം 11,12 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളംപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിൽ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് മൂന്നുപേർക്ക് ഷിഗെല്ല പോസിറ്റീവായത്. ജില്ലാ മെഡിക്കൽ ഓഫീസർ ഇക്കാര്യം സ്ഥിരീകരിച്ചു. കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് രോഗബാധയ്‌ക്ക് കാരണം എന്നാണ് കരുതുന്നത്. മയോണൈസ് കഴിക്കാത്തവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ ഹോട്ടലിൽ ഉൾപ്പെടെ കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളമാണ് ഷിഗെല്ലയ്‌ക്ക് കാരണമെന്നാണ് ഹോട്ടലുകാരും സമീപത്തെ ചില വ്യാപാരികളും നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
















