
ന്യൂജഴ്സി: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷമുള്ള 15 മിനിറ്റ് ഇടവേള സമയം കൂട്ടി. ഫൈനല്‍ പ്രമാണിച്ച് ഫിഫ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് അര മണിക്കൂര്‍ അവതരിപ്പിക്കും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ഈ വിവരം അറിയിച്ചത്. തീരുമാനത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വമ്പന്‍ സംഗീത പരിപാടിയാണ് ഫൈനലിനോടനുബന്ധിച്ച് നടക്കുന്നത്.
ഷക്കീറ, മഡോണ എന്നീ പ്രമുഖ ഗായകര്‍ നയിക്കുന്ന മ്യൂസിക് ഷോ ആണ് ഇവിടെ അരങ്ങേറുക. ഇതെല്ലാം കൂടി ചേര്‍ത്ത് 30 മിനിറ്റ് വരെ ഇടവേള നീളാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
ഞായറാഴ്‌ച്ച രാത്രി 12.30നാണ് ലോകകപ്പ് ഫൈനല്‍. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തില്‍ ആദ്യമാണ് മത്സരത്തിന്റെ ഇടവേള സമയത്ത് സമാപന സമ്മേളനത്തോട് അനുബന്ധിച്ച പരിപാടികള്‍ അരങ്ങേറുന്നത്.